Crime News

അഗളി കള്ളനോട്ട് കേസിലെ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍

Posted on: 20 Mar 2015


മണ്ണാര്‍ക്കാട് : 25 വര്‍ഷത്തിനു ശേഷം അഗളി കള്ളനോട്ട് കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കേസ്സിലുള്‍പ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന തമിഴ്‌നാട് തേനി ഉത്തമപാളയം നൊച്ചിച്ചേരി ചാവടിത്തെരുവിലെ ടി.കെ .രാമരാജ(51)നെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ ഒന്നുവരെ റിമാന്‍ഡ് ചെയ്തു.

കോട്ടയം ജില്ലയിലെ വട്ടുകുളം പള്ളിക്കത്തോട് 14ാംമൈല്‍ പോലീസ് എയ്ഡ് പോസ്റ്റിനുസമീപത്തുനിന്ന് പാലക്കാട് ക്രൈംബ്രാഞ്ച് സിഐ ഹംസ,എസ്.ഐ.പ്രതാപചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനീഷ് , നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

1990ല്‍ അഗളിയില്‍ പത്തുരൂപയുടെ 75കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരെ അന്ന് അഗളി പോലീസ് കേസ്സെടുത്തിരുന്നു. തുടര്‍ന്ന് ഈ കേസ്സിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ്സിലെ പ്രതികളെല്ലാവരും അറസ്റ്റിലായെങ്കിലും കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ അഞ്ചുപേര്‍ ഒളിവില്‍ പോയി. മറ്റുള്ള ആറുപേരുടെ കേസ്സ് പിന്നീട് ഒറ്റപ്പാലം കോടതിയിലേക്ക് മാറ്റി . ഒളിവില്‍ പോയവരില്‍ രാമരാജനാണ് കഴിഞ്ഞദിവസം കോട്ടയത്തുപിടിയിലായത്.ഇനി ഈ കേസ്സില്‍പിടികിട്ടാനുളളത് ഒരാളെ മാത്രമാണ്. മറ്റു മൂന്നുപേര്‍ മരണമടഞ്ഞതായി പോലീസ് പറഞ്ഞു..

 

 




MathrubhumiMatrimonial