Crime News

വിസ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍

Posted on: 19 Mar 2015


അടൂര്‍: പ്രാര്‍ഥനയുടെ മറവില്‍ വിസ വാഗ്ദാനംചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സ്ത്രീയെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. നാലുവര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസില്‍ ഒളിവിലായിരുന്ന റാന്നി നെല്ലിക്കാമണ്‍ വളപൊടിക്കാവ് കീടാരക്കുഴിയില്‍ മോളി രാജനെയാണ്(50) അടൂര്‍ എസ്.ഐ. കെ.എസ്‌.േഗാപകുമാര്‍ അറസ്റ്റുചെയ്തത്.

ഡല്‍ഹി, മുംെബെ, കേരളം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നൂറിലധികം ആളുകളെ വിസ വാഗ്ദാനംചെയ്തു പറ്റിച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് കേസ്. പറക്കോട് മേലേതില്‍ വീട്ടില്‍ ജോണ്‍സന്റെ മരുമകന് ദുബായില്‍ ജോലി വാഗ്ദാനംചെയ്ത് 1.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് മുംബൈ, ഡല്‍ഹി, അടൂര്‍, കുളത്തൂര്‍പ്പുഴ, പുനലൂര്‍, തൊടുപുഴ, കാടാമ്പുഴ, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, റാന്നി, സീതത്തോട് എന്നീ പോലീസ്സ്‌റ്റേഷനുകളിലും ഇവരുടെപേരില്‍ കേസുകളുണ്ടെന്നു വ്യക്തമായത്.

മകനും മകള്‍ക്കുമൊപ്പം ഡല്‍ഹിയില്‍ കഴിയുന്ന മോളി, വിസതട്ടിപ്പ് നടത്തുന്നതിനുവേണ്ടിയാണ് ഇടയ്ക്കിടെ നാട്ടിലേക്കു വരുന്നത്. ഏതെങ്കിലും ഒരു പ്രദേശത്ത് എത്തി പെന്തക്കോസ്ത് സഭാവിശ്വാസിയാണെന്നു പരിചയപ്പെടുത്തി അവിടെയുള്ള വിശ്വാസികളുമായി അടുപ്പത്തിലാകുകയും അവരെ പ്രലോഭിപ്പിച്ച് വിസ വാഗ്ദാനംചെയ്ത് പണം വാങ്ങി ഗള്‍ഫിലേക്കു കടക്കുകയുമാണ് പതിവ്.

ചെങ്ങന്നൂര്‍ കാരയ്ക്കാട് ഭാഗത്തുനിന്നു മാത്രമായി 27പേരില്‍നിന്ന് വിസ വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിനു രൂപ 2012ല്‍ തട്ടിയെടുത്തതിനും കേസുണ്ട്. പോലീസന്വേഷണത്തില്‍ അന്ന് മോളിയെ പിടികൂടാന്‍ കഴിയാഞ്ഞതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല. 2015 ഫിബ്രവരി 8നാണ് പറക്കോട് സ്വദേശി വിസതട്ടിപ്പ് കാട്ടി അടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മോളി രാജന്‍ നാട്ടില്‍ എത്തിയതായി മനസ്സിലായ പോലീസ്, മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കുരുക്കുകയായിരുന്നു.
ഇവര്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അടൂര്‍ ഡിവൈ.എസ്.പി. എ.നസീം, സി.ഐ. എസ്.നന്ദകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടത്തിയത്.

 

 




MathrubhumiMatrimonial