Crime News

ബൈക്കുയാത്രികനെ ബസ്സിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്‌

Posted on: 19 Mar 2015


പത്തനംതിട്ട: വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നമ്പര്‍-3ലെ ജഡ്ജി പി.ഷേര്‍ലി ദത്താണ് ശിക്ഷ വിധിച്ചത്. കോന്നി മങ്ങാരം മേലേപ്പുരയില്‍ സാബു(ഷാബു-34)വിനെതിരെയാണ് വിധി. പ്രമാടം വെള്ളപ്പാറ പുളിമൂട്ടില്‍ എബി തോമസിനെ(31) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2007 നവംബര്‍ 23നാണ് സംഭവം.

കോന്നി-പൂങ്കാവ് റോഡില്‍ തെങ്ങുംകാവിനു സമീപം ചെന്നീര്‍ക്കരയിലെ ശാലോം സ്‌കൂളിന്റെ ബസ് ഓടിച്ചുവരികയായിരുന്നു സാബു. മോട്ടോര്‍സൈക്കിളില്‍ വരികയായിരുന്ന എബിയെ ബസ്സിടിപ്പിച്ചു. ബൈക്കില്‍നിന്ന് 20 അടി താഴ്ചയിലേക്കുപതിച്ച എബി മരിച്ചു. കോന്നി എസ്.ഐ. ആയിരുന്ന പി.ശ്രീകുമാറാണ് കേസന്വേഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക എബിയുടെ അമ്മയ്ക്കു നല്‍കണം. കോന്നി സി.ഐ. എന്‍.രാജേഷ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 28 രേഖകളും 23 സാക്ഷികളും ഉണ്ടായിരുന്നു.

പ്രതിയും കൊല്ലപ്പെട്ട യുവാവും തമ്മിലുള്ള വൈരമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എബിയും സാബുവും പരസ്പരം കുറ്റപ്പെടുത്തി മുമ്പ് കേസുകൊടുത്തിരുന്നു.

ബൈക്ക് അശ്രദ്ധമായി ഓടിച്ചതും ബസ്സിന്റെ മുന്നില്‍വന്ന് ഇടിപ്പിച്ചുകയറ്റിയതുമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍ വിദഗ്ധപരിശോധനയില്‍ ബസ് പിന്നില്‍നിന്ന് ഇടിപ്പിച്ചതായി ബോധ്യപ്പെട്ടത് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.

 

 




MathrubhumiMatrimonial