Crime News

തട്ടിക്കൊണ്ടുപോയത് മലയാളി കന്യാസ്ത്രീയെ; അന്വേഷണം തുടങ്ങി

Posted on: 19 Mar 2015


എ.എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍

മംഗളൂരു: പമ്പുവെല്‍ ജങ്ഷനില്‍ വെച്ച് നാലുപേര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട കന്യാസ്ത്രീ മലയാളിയാണെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട സ്വദേശി ജെസ്സി അബ്രഹാം ആണ് അക്രമത്തിനിരയായത്. ഇവരുടെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച കദ്രി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യെ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം വൈകിട്ട് പമ്പുവെല്‍ ജങ്ഷനില്‍ ബസ് കാത്തുനില്ക്കുന്നതിനിടെ ഓട്ടോയിലെത്തിയ അക്രമികള്‍ ജെസ്സിയെ ബലംപ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് അതിവേഗം ഓടിച്ചുപോയി. ഇടയ്ക്ക് ഒരു ഹമ്പ് വന്നപ്പോള്‍ വേഗം കുറച്ച ഓട്ടോയില്‍നിന്ന് ജെസ്സി ചാടി രക്ഷപ്പെട്ടു. ഇതിനിടെ ബാഗും പണവും മറ്റ് വിലപിടിപ്പുള്ളവയുമെല്ലാം അക്രമികള്‍ കവര്‍ന്നിരുന്നു. ഒരു വഴിയാത്രക്കാരനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ അവരെ ആസ്പത്രിയിലെത്തിച്ചു. ചാട്ടത്തിലുണ്ടായ ചെറിയ പരിക്കിന് പ്രാഥമിക ചികിത്സ ചെയ്ത് ആസ്പത്രി വിട്ട അവര്‍ ഉടനെ കദ്രി സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. എന്നാല്‍, സംഭവം നടന്ന പമ്പുവെല്‍ തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് രണ്ടുമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തിച്ച് എ.എസ്.ഐ. അവരെ പറഞ്ഞയച്ചു.

തുടര്‍ന്നാണ് ജെസ്സി മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുന്നത്. മംഗളൂരു പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. അക്രമികളെപ്പറ്റി വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial