Crime News

മന്ത്രവാദി ചമഞ്ഞ് ലക്ഷംരൂപയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്ന യുവാവ് അറസ്റ്റില്‍

Posted on: 19 Mar 2015


മാന്നാര്‍: വീട്ടുദോഷം മാറ്റാമെന്ന് തെറ്റുദ്ധരിപ്പിച്ച് മന്ത്രവാദി ചമഞ്ഞ് ലക്ഷംരൂപയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

പരുമല തിക്കപ്പുഴ കല്ലുപറമ്പില്‍ വീട്ടില്‍ ജ്ഞാനദാസി(തുളസി39)നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നിത്തല കാരാഴ്മ ആമ്പുവിളയില്‍ തെക്കേതില്‍ വിനോദ്കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിനോദ്കുമാര്‍ ഹരിപ്പാട്ട് നിര്‍മിക്കുന്ന വീടിന്റെ ദോഷംമാറ്റാന്‍ കാളീപൂജ നടത്തുന്നതിന് 80,000 രൂപ വാങ്ങി. പട്ടിദോഷം മാറ്റാന്‍ വടക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ രണ്ട് പട്ടികളെ നടയ്ക്കിരുത്തണമെന്നുംപറഞ്ഞ് 20,000 രൂപയും വാങ്ങി. ഇതിനിടയില്‍ ജ്ഞാനദാസിന്റെ കാര്‍മികത്വത്തില്‍ പൂജയും നടത്തി. പിന്നീട് വിനോദിന്റെ വീട്ടിലെ ചില ഉപകരണങ്ങളില്‍ ജിന്ന് ബാധിച്ചിട്ടുണ്ടെന്നും അവ മാറ്റിത്തരാമെന്നുംപറഞ്ഞ് എല്‍.സി.ഡി. ടി.വി, ലാപ്‌ടോപ്പ്, ഗിത്താര്‍, ചീനഭരണി എന്നിവ എടുത്തുകൊണ്ടുപോയി. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് ചിലര്‍ വിനോദിനെ അറിയിച്ചതിനെത്തുടര്‍ന്ന് പണവും സാധനങ്ങളും തിരികെ ആവശ്യപ്പെട്ടു. ഇത് തിരികെ കിട്ടാതിരുന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

എസ്.ഐ.മാരായ എസ്. ശ്രീകുമാര്‍, എം. സുബൈര്‍ റാവുത്തര്‍, ബി. മോഹനകൃഷ്ണന്‍, സി.പി.ഒ.മാരായ പ്രതാപചന്ദ്രമേനോന്‍, ബാബുക്കുട്ടന്‍, പ്രമോദ്, ശരത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മാന്നാര്‍ ടൗണില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി തട്ടിയെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഗിത്താര്‍, ചീനഭരണി എന്നിവയും കണ്ടെടുത്തു. 2014ല്‍ കോന്നിയില്‍ വീട്ടമ്മയെ കബളിപ്പിച്ച സ്വര്‍ണവും പണവും തട്ടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.



 

 




MathrubhumiMatrimonial