goodnews head

ഭിന്നശേഷിക്കാരുടെ സൗഹൃദകൂട്ടായ്മ

Posted on: 19 Mar 2015


കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മ
തളിപ്പറമ്പ്: വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ ആരുടെയും മനസ്സില്‍ ഗൗരവമേറിയ ചര്‍ച്ചാവിഷയങ്ങളുണ്ടായിരുന്നില്ല. കുറേ കാലത്തിനുശേഷം സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിലുള്ള ആകാംക്ഷ മാത്രമായിരുന്നു. പാര്‍ക്കിലെത്തി സംസാരം തുടങ്ങിയപ്പോള്‍ വിഷയങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി.

ജില്ലയുടെ പലഭാഗങ്ങളില്‍നിന്നെത്തിയ ഭിന്നശേഷിക്കാരായ മുപ്പതോളം പേര്‍ കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലാണ് ഒത്തുചേര്‍ന്നത്. തമാശകള്‍ മാറ്റിനിര്‍ത്തി കാര്യമായ ചര്‍ച്ചകളായിരുന്നു ദിവസം മുഴുവന്‍ നടന്നത്. കണ്ണൂര്‍ ജില്ലയെ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുമെന്ന പ്രഖ്യാപനംതന്നെ ചര്‍ച്ചാവിഷയം. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഇവര്‍ക്ക് പറയാനുള്ളത് ഒന്നുമാത്രംനല്ല തീരുമാനം.

എല്ലാവരും ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പായാല്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വയംപര്യാപ്തത നേടാന്‍ ഒരുപരിധിവരെ സഹായകമാകുമെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം പറഞ്ഞു.

തീവണ്ടിയില്‍ കയറാനും ഇറങ്ങാനും സ്റ്റേഷനുകളില്‍ ട്രോളി സംവിധാനം ഏര്‍പ്പെടുത്തുക, ഫ്‌ലാറ്റുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റാമ്പ് നിര്‍മിക്കുക, ബസ്സുകളില്‍ കയറാനുള്ള പടിയുടെ ഉയരം കുറയ്ക്കുക, ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനായി നിയമങ്ങള്‍ കര്‍ശനമാക്കുക, ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വികലാംഗ നിയമനങ്ങള്‍ക്കുള്ള അനുയോജ്യതാ പരിശോധന നിര്‍ത്തിവെച്ച നടപടി പുനഃപരിശോധിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മയായ 'ഫ്‌ലൈ'യിലെ അംഗങ്ങളായിരുന്നു ഭൂരിഭാഗവും. 'ചിറകുകളില്ലാതെ പറക്കുക' എന്ന മുദ്രാവാക്യവുമായി 2006ല്‍ രൂപവത്കരിച്ചതാണ് ഈ സംഘടന. ഭിന്നശേഷിക്കാരുടെ മറ്റു പ്രയാസങ്ങള്‍ ക്രോഡീകരിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍.
രജീഷ് ചുഴലി, ഇ.വിനോദ്കുമാര്‍, സുരേഷ് അടുത്തില, സുനിത കുഞ്ഞിമംഗലം, തങ്കമണി മാങ്ങാട്, ജിഷ ആലക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



 

 




MathrubhumiMatrimonial