
മാതൃഭൂമി വാര്‍ത്ത തുണയായി; ഹരിദാസിന്റെ കുടുംബത്തിന് ഒറ്റദിവസത്തെ സഹായവാഗ്ദാനം എട്ടുലക്ഷം
Posted on: 19 Mar 2015

കാഞ്ഞങ്ങാട്: ദക്ഷിണാഫ്രിക്കയില്‍നിന്നും സൗദി അറേബ്യയില്‍നിന്നുമാണ് ആദ്യത്തെ രണ്ടു ഫോണ്‍കോളുകള്‍ എത്തിയത്. 'മാതൃഭൂമി വാര്‍ത്ത ഇന്റര്‍നെറ്റില്‍ കണ്ടാണ് വിളിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് എത്ര തുക വേണ്ടിവരും'. മറുതലയില്‍ കേട്ട ശബ്ദത്തിനുമുമ്പില്‍ ഷൈജ ആദ്യമൊന്നു പകച്ചു. 'ചികിത്സച്ചെലവിലേക്ക് രണ്ടുലക്ഷം രൂപ തരാം. രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം. അപ്പോള്‍ അക്കൗണ്ട് നമ്പര്‍ തന്നാല്‍ മതി' -വാഗ്ദാനം ദക്ഷിണാഫ്രിക്കയില്‍നിന്ന് വിളിച്ച കൂത്തുപറമ്പ് സ്വദേശിയുടേത്.
സൗദിയില്‍നിന്ന് വിളിച്ച മലയാളി വാഗ്ദാനം ചെയ്തത് ലക്ഷം രൂപയാണ്. ഓസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് വിളിച്ച രണ്ടു ബിസിനസ്സുകാര്‍ അരലക്ഷംവീതം വാഗ്ദാനം ചെയ്തു. ചെന്നൈയില്‍നിന്ന് വിളിച്ച മൂന്നു ബിസിനസ്സുകാരും അരലക്ഷംവീതം വാഗ്ദാനം ചെയ്തു. ബംഗളൂരു, മംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍നിന്ന് വിളിച്ച കാസര്‍കോട് സ്വദേശികളും അരലക്ഷം വീതം നല്കാമെന്ന് ഉറപ്പുനല്കിയതായി ഷൈജ പറഞ്ഞു. അരയിയിലെ ഹരിദാസ്-ഷൈജ ദമ്പതിമാരുടെ സങ്കടം ബുധനാഴ്ചത്തെ മാതൃഭൂമിയിലാണ് വന്നത്. ഇവരുടെ രണ്ടാമത്തെ മകള്‍ ശ്രേയയുടെ ഒരു കിഡ്‌നി മാറ്റിവെയ്ക്കണം. മൂത്രസഞ്ചിക്കും ശസ്ത്രക്രിയ വേണം. മൂത്തമകള്‍ ശ്വേത ഹൃദയശസ്ത്രക്രിയ കഴിഞ്ഞവള്‍. കൂലിപ്പണിക്കാരനായ ഹരിദാസിന് ഒരുതവണ ഹൃദയാഘാതവുമുണ്ടായി.
രാവിലെ മുതല്‍ ഷൈജയുടെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. വിളിച്ചവരെല്ലാം ചെറുതും വലുതുമായ തുക വാഗ്ദാനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍ തോയമ്മല്‍, ചന്ദ്രന്‍ പനങ്കാവ് എന്നിവര്‍ വീട്ടിലെത്തി കുട്ടിയുടെ ചികിത്സാറിപ്പോര്‍ട്ടുകളും ഡോക്ടര്‍മാരുടെ കുറിപ്പുകളുമെല്ലാം വാങ്ങി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. 15 ലക്ഷത്തിലധികം രൂപ ചികിത്സച്ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും വീട്ടുകാര്‍ വ്യക്തമാക്കി
റോട്ടറിക്ലബ് കാല്‍ലക്ഷം നല്കി; പഠനച്ചെലവ് അരയി സ്‌കൂള്‍ ഏറ്റെടുത്തു
കാഞ്ഞങ്ങാട്: അരയിയിലെ വീട്ടിലെത്തി കാഞ്ഞങ്ങാട് റോട്ടറി ക്ലബ് കാല്‍ലക്ഷം രൂപ നല്കി. ഇത് ആദ്യഗഡുവായിമാത്രം കണക്കാക്കിയാല്‍ മതിയെന്നും തുടര്‍സഹായമുണ്ടാകുമെന്നും പ്രസിഡന്റ് വി.വി.ഹരീഷും മുന്‍ പ്രസിഡന്റ് എം.കെ.വിനോദ്കുമാറും പറഞ്ഞു. നഗരസഭാധ്യക്ഷ കെ.ദിവ്യയും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ശ്രീധരന്‍ നമ്പ്യാരും ചേര്‍ന്നാണ് തുക കൈമാറിയത്. നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.വത്സലന്‍, കൊടക്കാട് നാരായണന്‍, ഡിസ്ട്രിക്ട് സോണ്‍ സെക്രട്ടറി ഇ.ബാലകൃഷ്ണന്‍, അസി. ഗവര്‍ണര്‍ എം.ടി.ദിനേഷ്, എം.എസ്.പ്രദീപ്, എം.അരുണ്‍, സന്ദീപ് ജോസ്, വി.കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ശ്വേതയുടെയും ശ്രേയയുടെയും പഠനച്ചെലവിനുള്ള തുക അരയി സ്‌കൂള്‍ നല്കുമെന്ന് പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണനും പി.ടി.എ. പ്രസിഡന്റ് പി.രാജനും വ്യക്തമാക്കി.
നാട് കൈകോര്‍ത്തു; ചികിത്സാസമിതിയായി
കാഞ്ഞങ്ങാട്: അരയിയിലെ ഹരിദാസ്-ഷൈജ ദമ്പതിമാരുടെ മകള്‍ ശ്രേയയുടെ ചികിത്സച്ചെലവിന് പണം സ്വരൂപിക്കാന്‍ നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റിയാക്കി. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.വത്സലന്‍ ചെയര്‍മാനും അരയി യു.പി.സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ കണ്‍വീനറും കെ.അമ്പാടി ഖജാന്‍ജിയുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. കാനറ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, വി.പി.രാജന്‍, കെ.യൂസുഫ് ഹാജി, എ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
