Crime News

വിദ്യാര്‍ഥികള്‍ക്കിടയിലെ കഞ്ചാവ് വില്പന തടയാനുള്ള പോലീസ് നടപടി വിജയത്തിലേക്ക്‌

Posted on: 18 Mar 2015


മാരാരിക്കുളം: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തെ പിടികൂടാന്‍ മാരാരിക്കുളം സര്‍ക്കിള്‍ പരിധിയില്‍ രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിജയത്തിലേക്ക്. മൂന്നാഴ്ചയ്ക്കുള്ളില്‍ വലയിലായത് 20 കഞ്ചാവ് വില്പനക്കാര്‍. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് മുഹമ്മ, മാരാരിക്കുളം, എസ്.എല്‍.പുരം, അരീപ്പറമ്പ്, കലവൂര്‍, കാട്ടൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ കഞ്ചാവ് എത്തുന്നത്. മൊത്തവില്പനക്കാരായ കമ്പം സ്വദേശി ഭാസ്‌കരന്‍ (59) പിടിയിലായതോടെയാണ് കഞ്ചാവ് മാഫിയയുടെ വേരറുക്കാന്‍ പോലീസിന് കഴിഞ്ഞത്. കമ്പത്ത് മഫ്ത്തിയില്‍ പോയ പോലീസ്സംഘം ഒന്നരക്കിലോ കഞ്ചാവ് ആവശ്യപ്പെട്ടാണ് ഭാസ്‌കരനെ സമീപിച്ചത്. ഇയാള്‍ കഞ്ചാവുമായി എത്തിയപ്പോള്‍ തോക്കുചൂണ്ടി പിടികൂടി കാറില്‍കയറ്റി ഗുഡല്ലൂര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കുയായിരുന്നു.
300 രൂപയ്ക്കാണ് ഒരു പൊതി കഞ്ചാവ് ഇടനിലക്കാരില്‍ എത്തുന്നത്. ഇത് 400 രൂപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കും. 2, 3 ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വില്പന. ചെറുപായ്ക്കറ്റാകുമ്പോള്‍ പിടിയിലാകുന്നവര്‍ക്ക് ജാമ്യം ലഭിക്കും. മുഹമ്മയില്‍ കായലോരങ്ങളും പഴയ സിനിമാതിയേറ്റര്‍ നിന്ന സ്ഥലവും വിദ്യാര്‍ഥികളുടെ ചില വീടുകളുമാണ് കഞ്ചാവ് വില്പനയുടെയും ഉപയോഗത്തിന്റെയും താവളം.
പല വീടുകളിലും കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് അന്യനാട്ടുകാരായ വിദ്യാര്‍ഥികള്‍ വന്ന് താമസിക്കുന്നുണ്ട്. ഈ വീടുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് വില്പനക്കാരായ വിദ്യാര്‍ഥികളില്‍ അധികം പേരും കൂലിവേലക്കാരുടെ മക്കളാണ്. മാതാപിതാക്കള്‍ തൊഴിലിനായി പോകുമ്പോള്‍ വീടുകള്‍ കഞ്ചാവ് ലഹരിയിലാകുന്നു. റെയ്ഡിനായി പോലീസ് എത്തുമ്പോഴാണ് രക്ഷാകര്‍ത്താക്കള്‍ വിവരം അറിയുന്നത്. സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാതെ മറ്റുള്ളവരുടെ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചണ് കഞ്ചാവ് വില്പനക്കാര്‍ സ്‌കൂളുകളില്‍ കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍തന്നെ മറ്റുള്ള വിദ്യാര്‍ഥികളെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. കഞ്ചാവ് വില്പനയും ഉപയോഗവും പട്ടാപ്പകലാണ്.

 

 




MathrubhumiMatrimonial