
തെളിവായി ഹമ്മര്‍,ഷൂസ്, മൊഴി... നിഷാമിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു
Posted on: 18 Mar 2015
തൃശ്ശൂര്‍: വ്യവസായി മുഹമ്മദ് നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്താനുപയോഗിച്ച ആഡംബരവാഹനം ഹമ്മറും ചവിട്ടാനുപയോഗിച്ച വിലയേറിയ ഷൂസും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ സാക്ഷിമൊഴികളുമെല്ലാം കുറ്റപത്രത്തില്‍ പ്രധാന തെളിവാകും.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനകാര്യത്തില്‍ തീരുമാനമായതോടെ ചന്ദ്രബോസ് കൊലക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ഉറപ്പായി. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട ഭേദഗതികള്‍ മാത്രമാണിനി ബാക്കി. കേസിന്റെ വിചാരണയില്‍ നിര്‍ണ്ണായകമാവുന്ന തെളിവുകള്‍ വിദഗ്ധാഭിപ്രായമനുസരിച്ച് ഇങ്ങനെ:
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനകാര്യത്തില്‍ തീരുമാനമായതോടെ ചന്ദ്രബോസ് കൊലക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ഉറപ്പായി. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട ഭേദഗതികള്‍ മാത്രമാണിനി ബാക്കി. കേസിന്റെ വിചാരണയില്‍ നിര്‍ണ്ണായകമാവുന്ന തെളിവുകള്‍ വിദഗ്ധാഭിപ്രായമനുസരിച്ച് ഇങ്ങനെ:
സാക്ഷിമൊഴികള്‍
കേസുമായി ബന്ധപ്പെട്ട് പത്തുപേരുടെ രഹസ്യമൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. ഇതില്‍ ചന്ദ്രബോസ് ജോലിചെയ്തിരുന്ന ശോഭാസിറ്റി പാര്‍പ്പിട സമുച്ചയത്തിലെ സഹ ജോലിക്കാരും അവിടത്തെ താമസക്കാരുമുണ്ട്. ചികിത്സിച്ച ഡോക്ടറുടെയും നിഷാമിന്റെ ഭാര്യയുടെയും മൊഴിയെടുത്തിട്ടുണ്ട്.
ചന്ദ്രബോസിനോടൊപ്പം ആക്രമിക്കപ്പെട്ടവരുടെ മൊഴിയും ഇതിലുള്‍പ്പെടും. പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റാതിരിക്കാനാണ് 164ാം വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയത്.
മെഡിക്കല്‍ തെളിവുകള്‍
കേസില്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊന്ന് മെഡിക്കല്‍ തെളിവുകളാണ്. 19 ദിവസം ചന്ദ്രബോസ് ആസ്പത്രിയില്‍ കിടന്നതുമായി ബന്ധപ്പെട്ട ഡോക്ടറുടെ മൊഴികളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
ഓരോ മുറിവിന്റെയും കാര്യകാരണങ്ങള്‍ വിവരിക്കേണ്ടിവരും. സാഹചര്യങ്ങള്‍ പറയേണ്ടിവരും. ഹമ്മര്‍ ഇടിച്ചാല്‍ ഇത്തരത്തിലുള്ള മുറിവുകള്‍ ഉണ്ടാകാമെന്നും അതുവഴി മരണം സംഭവിക്കാമെന്നുമുള്ള തെളിവുകള്‍ നിരത്തേണ്ടിവരും.
രേഖാപരമായ തെളിവുകള്‍
രേഖകളായുള്ള തെളിവുകള്‍ നിഷാം കേസില്‍ ധാരാളമുണ്ട്. ഇടിച്ച ഹമ്മറിന്റെ ഉടമസ്ഥാവകാശരേഖകള്‍, 19 ദിവസത്തെ ആസ്പത്രിരേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട്, 423 പേജുകള്‍ വരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. എന്തെല്ലാം തരത്തിലുള്ള മുറിവുകളാണ് ചന്ദ്രബോസിനായിരുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് ഇത്.
ഇടിയേറ്റ് വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും ഇത് ശ്വാസകോശമുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളിലിലേക്ക് തുളച്ചു കയറിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
കണ്ടെടുത്ത തെളിവുകള്‍
ചന്ദ്രബോസ് വധക്കേസിലെ മാരകായുധം ഹമ്മര്‍ എന്ന ആഡംബരക്കാറാണ്. ചന്ദ്രബോസിനെ നിഷാം ഇടിച്ചുവീഴ്ത്തിയ ഈ വാഹനം ഇപ്പോഴും പേരാമംഗലം സ്റ്റേഷനിലുണ്ട്. ഇടിച്ചുവീഴ്ത്തുകമാത്രമല്ല, മുറിവേറ്റ ചന്ദ്രബോസിനെ വലിച്ചിട്ട് സ്വന്തം ഫ്‌ലാറ്റിനുമുന്നിലേക്ക് കൊണ്ടുപോയതും ഈ വാഹനത്തില്‍ത്തന്നെ.
ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ നിഷാം ധരിച്ചിരുന്ന വിലയേറിയ ഷൂസാണ് പ്രോസിക്യൂഷന്റെ മറ്റൊരു പ്രധാന തെളിവ്. ഇതില്‍ ചന്ദ്രബോസിന്റെ രക്തം പുരണ്ടിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഷൂവിന്റെ വിലയെന്നാണ് നിഷാം മൊഴിനല്‍കിയിട്ടുള്ളത്. ഇറക്കുമതി ചെയ്തതാണിത്. പ്രത്യേക പാമ്പിന്‍ തോലുകൊണ്ട് ഉണ്ടാക്കുന്നതാണ് ഈ ഷൂ. ഇത് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കാപ്പ പിന്‍ബലം
നിഷാമിനെതിരെ കാപ്പ ചുമത്തിയത് പരോക്ഷമായെങ്കിലും കേസിനെ സഹായിക്കും. രണ്ടുവര്‍ഷംമുമ്പുതന്നെ ശ്രമങ്ങള്‍ ഇതിനായി തുടങ്ങിയിരുന്നെങ്കിലും ചന്ദ്രബോസ് കേസാണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. നിഷാമിനെതിരെ ബെംഗളൂരുവിലുള്ള രണ്ട് കേസുകള്‍ കൂടി പരിഗണിച്ചാണ് കാപ്പ ചുമത്തിയത്.
ശാസ്ത്രീയ തെളിവുകള്‍
ശാസ്ത്രീയ തെളിവുകള്‍ക്കും ഏറെ സാധ്യതയുള്ള കേസാണിത്. ശാസ്ത്രീയ തെളിവുശേഖരണത്തിന്റെ ഭാഗമായാണ് നിഷാമിന്റെ രക്തസാമ്പിള്‍ ശേഖരിച്ചത്. ശോഭാസിറ്റിയിലെ ഫൗണ്ടനില്‍ വാഹനം ഇടിച്ച ശക്തി, വാഹനത്തില്‍നിന്ന് ശേഖരിച്ച രക്തവും രോമങ്ങളും തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
വിദഗ്ധാഭിപ്രായങ്ങള്‍
കേസുമായി ബന്ധപ്പെട്ട് നിരവധി വിദഗ്ധാഭിപ്രായങ്ങളും വേണ്ടിവന്നേക്കും. നിഷാം മനോരോഗിയാണെന്ന് പ്രതിഭാഗം വാദിക്കുകയാണെങ്കില്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടാകും. നിഷാമിന് മനോരോഗമില്ലെന്ന് തെളിയിക്കുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം തേടേണ്ടിവരും. കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന.
