
കൊല്ലത്ത് 100 മയക്കുമരുന്ന് ആമ്പ്യൂളുമായി യുവാവ് പിടിയില്‍
Posted on: 17 Mar 2015

കൊല്ലം: അന്തസ്സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയായ യുവാവിനെ 100 മയക്കുമരുന്ന് ആമ്പ്യൂളുകളുമായി കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി ബീച്ച് വാര്‍ഡില്‍ പൊഴിക്കടവില്‍വീട്ടില്‍ പി.പി.പ്രസാദാ(34)ണ് ബ്രൂഫിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട 100 മയക്കുമരുന്ന് ആമ്പ്യൂളുമായി അറസ്റ്റിലായത്. കുഴിത്തുറയില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തുന്നതിനായി വരുമ്പോഴാണ് കൊല്ലം കെ.എസ്.ആര്‍.ടി.സി. പരിസരത്തുവച്ച് പിടിയിലായത്.
രണ്ടുവര്‍ഷത്തനിടെ കൊല്ലം ജില്ലയില്‍ എക്‌സൈസ് സംഘം നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലും രണ്ട് മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് ഇയാള്‍. കൊല്ലം ജില്ലയില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെയും വിനോദസഞ്ചാരികളെയും ഹൗസ് ബോട്ടുകളും ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം വാങ്ങാന്‍ കഴിയുന്ന ഈ മരുന്നിന് 18 രൂപയാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങളില്‍നിന്ന് 300 രൂപയ്ക്ക് ഏജന്റുമാര്‍ മുഖേന വാങ്ങുന്ന ഇവയ്ക്ക് കേരളത്തില്‍ ആമ്പ്യൂള്‍ ഒന്നിന് 1,200 മുതല്‍ 1,500 വരെയാണ് ഈടാക്കുന്നത്. കോളേജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരും തന്റെ ഇടപാടുകാരില്‍പ്പെടുമെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു.
ആറുവര്‍ഷമായി പ്രതി മയക്കുമരുന്നിന് അടിമയാണ്. ദിവസം മൂന്ന് ആമ്പ്യൂളുകള്‍വരെ കുത്തിവയ്ക്കുന്നുണ്ട്. അതിനുമാത്രം ദിവസം 420 ഓളം രൂപ കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായി മാറിയത്. മയക്കുമരുന്ന് കിട്ടാത്ത അവസ്ഥയില്‍ അക്രമാസക്തനാവുകയും വിറയല്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ആദ്യം മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങിയതെന്നും പിന്നീട് ഇതിന് അടിമയായതാണെന്നും ഇയാള്‍ പറഞ്ഞു.
അന്തസ്സംസ്ഥാന ലഹരിമരുന്ന് റാക്കറ്റിലെ വമ്പന്മാരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലാകുന്നതിനുമുമ്പ് പ്രസാദ് വര്‍ക്കലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റിരുന്നതായി സചാദ്യം ചെയ്യലില്‍ സമ്മതിച്ചു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വിപണനം എന്നിവയുടെ വിവരങ്ങള്‍ 0474 2767822, 9400069439, 9447714924 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷ് അറിയിച്ചു.
എസ്.നിജുകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ശ്യാംകുമാര്‍, ഡി.മോഹനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, മനോജ്‌ലാല്‍, അശ്വന്ത് സുന്ദരം, കെ.അനില്‍കുമാര്‍, സലിം എന്നിവരും പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
