Crime News

വിദ്യാര്‍ഥിനിയുടെ മരണം: യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അപലപനീയം - മനുഷ്യാവകാശ കൂട്ടായ്മ

Posted on: 17 Mar 2015


തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ നാരായണമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് കൊടുങ്ങല്ലൂര്‍ മനുഷ്യാവകാശ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. സദാചാര പോലീസിങ്ങിനെ കുറിച്ച് വിശദീകരിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ 2012-ലെ സര്‍ക്കുലറിന് കീഴില്‍ വരുന്ന ക്രിമിനല്‍ കുറ്റങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിനെ ഏതെങ്കിലും മാധ്യമത്തിന്റെ തെറ്റായ സൃഷ്ടിയായി വ്യാഖ്യാനിച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.

ആധുനിക കാലഘട്ടത്തില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍ തിരിച്ചറിയാതെ യാഥാസ്ഥിതികരും മതമൗലിക വാദികളും കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന സദാചാര പോലീസ് ചമയലിന്റെ ഇരകളാണ് നാരായണമംഗലത്തേതെന്ന് സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. മരണങ്ങള്‍ നടന്ന കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും ഇതിലുള്‍പ്പെട്ട ആണ്‍കുട്ടിക്കും കുടുംബത്തിനും അടിയന്തരമായി കൗണ്‍സലിങ് നല്‍കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

സദാചാര പോലീസിങ് നടത്തിയ വ്യക്തികളെ ശരിയായ അന്വേഷണത്തിലൂടെ കണ്ടെത്തി അവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഭീഷണി, കരുതിക്കൂട്ടിയുള്ള ബലപ്രയോഗം തുടങ്ങിയവയും മറ്റ് പ്രധാന വകുപ്പുകളും ചേര്‍ത്ത് കേസ്സെടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുസമൂഹം ജാഗരൂകരാകണമെന്നും കൊടുങ്ങല്ലൂര്‍ മനുഷ്യാവകാശ കൂട്ടായ്മ കണ്‍വീനര്‍ എസ്.ബി. അജിതന്‍ ആവശ്യപ്പെട്ടു. സദാചാരത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച വൈകീട്ട് 5.30-ന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് മനുഷ്യാവകാശ കൂട്ടായ്മ പ്രകടനവും വിശദീകരണ യോഗവും നടത്തും.

 

 




MathrubhumiMatrimonial