goodnews head

അഞ്ചുവര്‍ഷത്തെ ജയില്‍ജീവിതത്തില്‍ നിന്ന് മോചിതയായി റുബീന

Posted on: 16 Mar 2015



തിരുവനന്തപുരം: മാലി കല്യാണത്തിന്റെ ഇരയായി കൊലക്കേസ് ആരോപിച്ച് നാലരവര്‍ഷമായി മാലദ്വീപ് ജയിലില്‍ തടവിലായിരുന്ന വര്‍ക്കലസ്വദേശി റുബീന തിരിച്ചെത്തി.

സേവ് റുബീന ഫോറം എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെയും മാലദ്വീപ് ജയിലില്‍ നിന്നും അടുത്തിടെ മോചിതനായ ജയചന്ദ്രന്‍ മൊകേരിയുടെയും ശ്രമങ്ങളെ തുടര്‍ന്നാണ് റുബീന ജയില്‍ മോചിതയായത്.

ജയചന്ദ്രന്‍ മൊകേരിയുടെ കൈയില്‍ റുബീന നല്‍കിയ ഉമ്മയുടെ ഫോണ്‍നമ്പര്‍ മാത്രമായിരുന്നു ആകെയുള്ള തുമ്പ്. ആ ഉമ്മയുടെ കൈവശമാകട്ടെ മകളുടെ പാസ്‌പോര്‍ട്ട് നമ്പരോ വിസയുടെയോ കേസിന്റെയോ വിവരങ്ങളോ ഒന്നുമുണ്ടായിരുന്നില്ല മാലയിലെ വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച കേസിന്റെ വിവരങ്ങള്‍ വെച്ചുള്ള കൂട്ടായ പ്രവര്‍ത്തനമാണ് റുബീനക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം നേടിക്കൊടുത്തത്.

10 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് റൂബീന ജയിലിലായത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട വഴക്കിനിടെ ദുരൂഹ സാഹചര്യത്തില്‍ പത്തു മാസം പ്രായമുള്ള മകന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് റുബീന കൊലക്കേസില്‍ ജയിലിലായത്.

ഭര്‍ത്താവ് ഹസനെതിരെ മൊഴി നല്‍കിയിരുന്നെങ്കിലും മാലദ്വീപിലെ കോടതി ജീവനക്കാരനായ ഭര്‍ത്താവിനെതിരായ മൊഴി കേസിന്റെ രേഖകളില്‍ പോലീസ് പതിച്ചില്ല. മൂന്നുവര്‍ഷത്തിനുശേഷം റുബീനയുടെ കേസ് ശ്രദ്ധയില്‍പ്പെട്ട മാലിയിലെ ഹിസാന്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ അഡ്വ. ഫരീഷ അബ്ദുല്ല ഈ കേസില്‍ ഇടപെട്ടതോടെയാണ് വീണ്ടും കേസിന് അനക്കമുണ്ടായത്.

വിചാരണയിലെ പ്രശ്‌നങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി പുനര്‍ വിചാരണയ്ക്ക് അനുമതി തേടുകയായിരുന്നു. എന്നാല്‍ കേസിലെ സാക്ഷികലായ രണ്ട് നഴ്‌സുമാര്‍ രാജ്യം വിട്ടതോടെ വിചാരണ പ്രതിസന്ധിയിലായി. തുടര്‍ന്ന് കേസ് പിന്‍വലിക്കാതെ വിചാരണ തടവ് നീട്ടുകയായിരുന്നു.

ജയചന്ദ്രനില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ ഫേസ്ബുക്ക് ഗ്രൂപ്പ് 'സേവ് റുബീന ഫോറം' എന്ന നിലയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ജയചന്ദ്രന്‍ മൊകേരിയുടെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകരായ മൊയ്തു വാണിമേല്‍, അനുപമ മിലി, മൈന ഉമൈബാന്‍, എ.കെ ശ്രീജിത്ത്, മഹേഷ് തുടങ്ങിയ ഗ്രൂപ്പാണ് റുബീനയുടെ മോചനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയമാകുകയായിരുന്നു.

ഇവരുടെ നിവേദനങ്ങളും സമ്മര്‍ദ്ദങ്ങളും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് റുബീനയുടെ മോചനം സാധ്യമായത്.

 

 




MathrubhumiMatrimonial