
ജോഷി എത്തി; തേനീച്ചക്കൂട്ടത്തെ 'പിടികൂടി'
Posted on: 16 Mar 2015

ഒരു മാസം മുമ്പ് കൂട് കൂട്ടി ദിവസങ്ങള്‍ കഴിയുന്തോറും കൂടിന്റെ വലിപ്പവും ഈച്ചകളുടെ എണ്ണവും വര്‍ധിച്ച് തേനീച്ചകളുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലായിരുന്നു ജീവനക്കാര്‍.പത്രവാര്‍ത്തയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ കെ. എം. ശിവകുമാര്‍ തേനീച്ചകളെ നീക്കം ചെയ്യുന്നതില്‍ പരിചയസമ്പന്നനായ ജോഷിയെ വിളിച്ച് ഈച്ചയെ നീക്കം ചെയ്യുന്നതിന് സഹായം ആവശ്യപ്പെടുകയായിരുന്നു. നാലു കൂട്ട് പച്ചമരുന്ന് പുകച്ച് ഈച്ചയെ അകറ്റിയതിനുശേഷം അഞ്ചാം നിലയിലെ ജനാലക്കമ്പിയില്‍ തൂങ്ങിക്കിടന്ന കൂട് ഇളക്കി മാറ്റി തേന്‍ എടുക്കുകയായിരുന്നു.
ഒരു തേനീച്ചയെ പോലും കൊല്ലാതെയാണ് തേനീച്ചക്കൂട് നീക്കം ചെയ്തത്. പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ ഭാഗമാണ് തേനീച്ചകളെന്നും ഇവയെ നശിപ്പിക്കാന്‍ പാടില്ലെന്നും ജോഷി പറയുന്നു. കേരളത്തിനകത്തും പുറത്തും നിരവധി സ്ഥലങ്ങളില്‍ പോയി സൗജന്യമായി പെരുന്തേനീച്ചകളെ നീക്കം ചെയ്ത് ആക്രമണ ഭീതിയില്‍നിന്ന് രക്ഷിക്കുന്ന ഈ ജനപ്രതിനിധിയെയും സംഘത്തെയും ഉദ്യോഗസ്ഥര്‍ അനുമോദിച്ചു.
