goodnews head

ചിത്തിരക്കായലിലെ വിജയഗാഥ കുട്ടനാടിന്റെ ഉണര്‍ത്തുഗാഥയാകുന്നു

Posted on: 16 Mar 2015


ആലപ്പുഴ: നെല്ലിന്റെ സമൃദ്ധികാട്ടി കായലിലേക്ക് മറഞ്ഞ ഭൂമി വീണ്ടും പ്രചോദനത്തിന്റെ വീരഗാഥ പാടുകയാണ് ചിത്തിരക്കായലിലൂടെ. സമുദ്രനിരപ്പിനു മൂന്നു മീറ്ററില്‍ താഴെയുള്ള ചിത്തിരക്കായലില്‍ 22 വര്‍ഷത്തിനുശേഷം നടന്ന കൊയ്ത്ത് കാണാന്‍ കര്‍ഷകരുടെ നീണ്ട നിരതന്നെയെത്തി.

മുരിക്കന്‍ നികത്തി കൃഷിചെയ്ത റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍നിലങ്ങള്‍ കര്‍ഷകര്‍ക്കു കൈമാറിയെങ്കിലും നെല്ലുല്പാദനം തുടരാന്‍ കഴിഞ്ഞില്ല. 22 വര്‍ഷം വെള്ളം കൂടിക്കിടന്ന കായല്‍നിലത്തില്‍ കുട്ടനാട് പാക്കേജിന്റെയും മറ്റും ഫണ്ട് ഉപയോഗിച്ച് കളക്ടര്‍ എന്‍. പദ്മകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. കൃഷിയിറക്കുന്നതിന് ജോസ് ജോണ്‍ വെള്ളാന്തറ എന്ന കര്‍ഷകന്‍ രംഗത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് എല്ലാ സഹായവും നല്കി കൃഷിവകുപ്പ് സഹായത്തിനെത്തി. വിവിധ വകുപ്പുകളുടെ സംയുക്തപരിശ്രമത്തിന്റെ ഫലമാണ് ചിത്തിരക്കായലില്‍ തെളിയുന്നത്.

ഇക്കുറി 200 ഹെക്ടറിലാണ് നെല്‍ക്കൃഷി നടത്തിയത്. വരുംനാളുകളില്‍ കൂടുതല്‍ ഭൂമിയില്‍ കൃഷിയിറക്കും. ഇവിടെ വിളയുന്ന നെല്ല് പൂര്‍ണ്ണമായും എടുക്കുന്നതിന് സിവില്‍ സപ്ലൈസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

കൊയ്ത്ത് ഉദ്ഘാടനച്ചടങ്ങില്‍ കര്‍ഷകന്‍ ജോസ് ജോണ്‍ വെള്ളാന്തറയെ കൃഷിമന്ത്രി കെ.പി. മോഹനന്‍ ആദരിച്ചു. പാടശേഖരസമിതി പ്രസിന്റ് അഡ്വ. വി.മോഹന്‍ദാസിനെ തോമസ് ചാണ്ടി എം.എല്‍.എ. പൊന്നാടയണിയിച്ചു.

ചടങ്ങില്‍ ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ കണ്ടല്ലൂര്‍ ശങ്കര നാരായണന്‍, കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ വെളിയനാട് മാത്തച്ചന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി, എ.ഡി. കുഞ്ഞച്ചന്‍, എ.എ. ഷുക്കൂര്‍, മോന്‍സി സോണി, സുനിമോന്‍, ഡോ. ലീനാകുമാരി തുടങ്ങിയവരും പങ്കെടുത്തു.

 

 




MathrubhumiMatrimonial