Crime News

യുവാവ് വീടിനുളളില്‍ കുത്തേറ്റുമരിച്ചു; ചെത്തുതൊഴിലാളി പിടിയില്‍

Posted on: 15 Mar 2015


പൊടിയാടി(തിരുവല്ല): നെടുമ്പ്രം രണ്ടാം വാര്‍ഡ് തോപ്പില്‍ തെക്കേതില്‍ ബാലന്റെ മകന്‍ സുധീറിനെ(പ്രസാദ്-27) സ്വന്തം വീടിനുള്ളില്‍ കുത്തേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രതിയെന്ന് കരുതുന്ന ആലപ്പുഴ കിടങ്ങറ സ്വദേശി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

ഒമ്പത് കുത്തുകളാണ് സുധീറിനേറ്റത്. പൊടിയാടി ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ സുധീര്‍ സഹോദരന്‍ സുരേഷിനൊപ്പം കുടുംബവീട്ടിലാണ് താമസം. ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെ സുധീഷ് സുധീറിനെ അന്വേഷിച്ച് വീട്ടിലെത്തിയതായി സുരേഷ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ സംസാരിക്കുന്നതിനിടെ ചായകുടിക്കുന്നതിന് റോഡിലെ കടയിലേക്ക് സുരേഷ് പോയി. ഇതിനിടെ ഓട്ടോറിക്ഷ വിളിക്കുന്നതിനായി സുധീറിനെ അന്വേഷിച്ചെത്തിയ സമീപവാസിയാണ് രക്തത്തില്‍ കുളിച്ച് സുധീര്‍ കിടക്കുന്നതുകണ്ടത്. തുടര്‍ന്ന് സുരേഷിനെ വിവരംഅറിയിച്ചു.

സുധീഷിന്റെ അമ്മവീട് നെടുമ്പ്രത്ത് സുധീറിന്റെ വീടിന് തൊട്ടടുത്താണ്. രണ്ടു മാസംമുമ്പ് സുധീറും താനും വിവാഹിതരായെന്ന് സഹോദരി പറഞ്ഞെന്നും ഈ വിഷയം ചോദിക്കാനാണ് എത്തിയതെന്നും സുധീഷ് വീട്ടിലെത്തിയപ്പോള്‍ പറഞ്ഞതായി സുരേഷ് പോലീസിനോട് പറഞ്ഞു. ചെത്തുതൊഴിലാളിയാണ് സുധീഷ്. തിരുവല്ല ഡിവൈ.എസ്.പി. തമ്പി എസ്.ദുര്‍ഗാദത്ത്,സി.ഐ. എന്‍.രാജീവ്,പുളിക്കീഴ് എസ്.ഐ. എസ്.എ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പരേതയായ പൊന്നമ്മയാണ് സുധീറിന്റെ അമ്മ. സഹോദരി: സുനിത.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

 

 




MathrubhumiMatrimonial