
സദാചാര ഗുണ്ടാവിളയാട്ടം തുടരുന്നു; കാഴ്ചക്കാരായി പോലീസ്
Posted on: 15 Mar 2015
എന്‍. സുസ്മിത
കേസ് അസ്വാഭാവിക മരണത്തിനു മാത്രം

സദാചാര ഗുണ്ടാ അക്രമങ്ങള്‍ പെരുകുകയാണെങ്കിലും പലതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ കേസാവുകയോ ചെയ്യുന്നില്ല എന്നതുകൊണ്ടുതന്നെ കണക്കുകളിലൊന്നും ഇവ ഉള്‍പ്പെടുന്നില്ല. പോലീസ് ഇടപെടുന്ന സംഭവങ്ങളില്‍പോലും ഒത്തുതീര്‍പ്പിനപ്പുറം ശക്തമായ നടപടിയുണ്ടാകാത്തതാണ് അക്രമികള്‍ക്ക് ധൈര്യം പകരുന്നത്.
ഏതാനും മാസംമുമ്പ് തൃശ്ശൂര്‍ നഗരപരിധിക്കുള്ളില്‍ സ്‌കൂള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഇതേ പ്രശ്‌നമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ആരും പരാതിപ്പെടാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. കഴിഞ്ഞദിവസം തേക്കിന്‍കാട് മൈതാനത്ത് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പരാതി ഇല്ലെന്ന പേരില്‍ പോലീസ് കേസെടുത്തില്ല. മൈതാനത്ത് പതിവായി ചിത്രം വരയ്ക്കാനെത്തുന്ന ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥികളെയാണ് ഒരു സംഘം ഭീഷണിപ്പെടുത്തി ഓടിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ചിത്രം വരയ്ക്കാന്‍ പാടില്ലെന്നായിരുന്നു ഭീഷണി.
ചെറുതും വലുതുമായ നിരവധി സംഭവങ്ങളുടെ കണ്ണിയില്‍ ഒടുവിലത്തേതാണ് വെള്ളിയാഴ്ച കൊടുങ്ങല്ലൂരിനടുത്ത് പുല്ലൂറ്റില്‍ നടന്നത്. പുല്ലൂറ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അശ്വതി (16) യുടെ ആത്മഹത്യയും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്നതിനു പകരം പ്രതികളുടെ കൂടെ പോലീസും സമൂഹവും നില്‍ക്കുന്നതാണ് ഇവര്‍ക്ക് ധൈര്യം പകരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് ദുരാചാരം - ഡോ. കെ.എസ്. ഷാജി
ഇത്തരം സംഭവങ്ങളെ സദാചാരഗുണ്ടായിസമെന്ന് വിശേഷിപ്പിക്കുന്നതു തന്നെ ശരിയല്ലെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. കെ.എസ്. ഷാജി പറഞ്ഞു. സമചിത്തതയുടെ മുഖാവരണമുള്ള സാമൂഹികവിരുദ്ധരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. സമൂഹവിരുദ്ധതയെ സദാചാരമെന്ന് വിളിക്കാന്‍ വയ്യ. അത് ദുരാചാരമാണ്. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളും സ്വാതന്ത്ര്യവും ഹനിക്കുന്നതില്‍ ഒരു വിഷമവും ഇല്ലാത്തവരാണ് ഇത് ചെയ്യുക. സ്ത്രീകളോട് അതിക്രമം കാണിക്കുന്നവര്‍ നിസ്സഹായരും ദുര്‍ബ്ബലരുമായ എല്ലാവരെയും ഉപദ്രവിക്കാനുള്ള പ്രവണതയുള്ളവരായിരിക്കും. അവര്‍ക്ക് കുറ്റബോധമുണ്ടാവില്ല. ഇവരുടെ വ്യക്തിത്വവൈകല്യം തിരിച്ചറിയാന്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ അവരുടെ വലയത്തില്‍ പെട്ടുപോകും. സംശയവും പേടിയും ഏറ്റവും എളുപ്പം ചെലവാക്കാന്‍ പറ്റും. ഇത്തരം സമൂഹവിരുദ്ധരുടെ അധിനിവേശത്തെ സ്വയം ചെറുക്കാന്‍ പഠിക്കണമെന്നും സമൂഹം അതിനെ പിന്തുണയ്ക്കണമെന്നും ഡോ. ഷാജി പറഞ്ഞു.
നിയമനടപടി വേണം - അഡ്വ. സീന രാജഗോപാല്‍
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരുന്ന കാലഘട്ടത്തില്‍ സമൂഹത്തിന്റെ ശ്രദ്ധ ആവശ്യമാണെങ്കിലും അത് അവരെ ആക്രമിക്കുന്ന തരത്തിലാവരുതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. സീന രാജഗോപാല്‍ പറഞ്ഞു. നാട്ടുകാരുടെ ശ്രമത്തിന് പിന്നില്‍ സദുദ്ദേശ്യമാണുള്ളതെങ്കില്‍ സംയമനത്തോടെയാണ് പ്രശ്‌നം കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പെണ്‍കുട്ടികളെ മോശക്കാരികളാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പലരും നടത്തുന്നത്. കുട്ടികളെ തിരുത്തണമെന്നുണ്ടെങ്കില്‍ അവരെ അത് പറഞ്ഞ് ബോധ്യപ്പെടുത്തണം. അല്ലാതെ പരസ്യവിചാരണയല്ല വേണ്ടത്. നിസ്സഹായാവസ്ഥയില്‍ പെട്ടുപോകുമ്പോഴാണ് കുട്ടികള്‍ കടുംകൈ ചെയ്യുന്നത്. കൊടുങ്ങല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി നിയമനടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
പോലീസ് പ്രതികളുടെ വക്കാലത്ത് പിടിക്കുന്നു - അഡ്വ. കെ.ആര്‍. വിജയ
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പോലീസ് പ്രതികളുടെ വക്കാലത്ത് പിടിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍. വിജയ കുറ്റപ്പെടുത്തി. ഓരോ ദിവസവും എന്നപോലെ സ്ഥിതി വഷളായി വരികയാണ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണക്കാരായവരുടെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്ന് വിജയ ആവശ്യപ്പെട്ടു.
കൊലക്കുറ്റത്തിന് കേസെടുക്കണം - പ്രൊഫ. കുസുമം ജോസഫ്
പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. കുസുമം ജോസഫ് ആവശ്യപ്പെട്ടു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം സംസാരിക്കാന്‍ പാടില്ലെന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ക്രൂരമാണ്. അന്തസ്സുള്ള ജീവിതം നയിക്കാന്‍ കുട്ടികള്‍ക്കും അവകാശമുണ്ട്. കുട്ടിയോട് സ്‌നേഹമുള്ളവരാണെങ്കില്‍ ഇങ്ങനെ പരസ്യമായി അധിക്ഷേപിക്കുകയാണോ ചെയ്യുക - പ്രൊഫ. കുസുമം ജോസഫ് ചോദിച്ചു.
