
ബാങ്കിനെ കബളിപ്പിച്ച് മൂന്നുകോടി തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
Posted on: 15 Mar 2015
പിടിയിലായത് സി.ബി.ഐ. അന്വേഷിക്കുന്നയാള്‍
കാസര്‍കോട്: വ്യാജരേഖ ചമച്ച് ബാങ്കില്‍നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയ കേസിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യസൂത്രധാരനെ അറസ്റ്റുചെയ്തു. ഉപ്പള മുളിഞ്ച സ്വദേശി ഷേക്ക് ഗുല്‍സാര്‍ അഹമ്മദ് (53) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ പത്തിന് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് കാസര്‍കോട് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തും സംഘവും അറസ്റ്റുചെയ്തത്. സി.ബി.ഐ. അന്വേഷിക്കുന്ന മറ്റൊരു കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതിങ്ങനെ: 2008-ല്‍ നടന്ന വായ്പാ തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. കനറാബാങ്കിന്റെ കാസര്‍കോട് ശാഖയില്‍നിന്ന് വ്യാജരേഖ സമര്‍പ്പിച്ച് ഒട്ടേറെ പേര്‍ക്ക് ഷേക്ക് ഗുല്‍സാര്‍ അഹമ്മദ് ഭവനവായ്പ വാങ്ങിക്കൊടുത്തിരുന്നു. ചിലരുടെ ഒത്താശയോടെയായിരുന്നു ഇത്. വായ്പാ തുക തിരിച്ചടയ്ക്കാനോ രേഖകള്‍ തിരിച്ചെടുക്കാനോ വായ്പക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതുസംബന്ധിച്ച് ബാങ്ക് മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 14 കേസുകള്‍ മഞ്ചേശ്വരം പോലീസ് റജിസ്റ്റര്‍ ചെയ്തു.
2008-ല്‍ത്തന്നെ ബാങ്ക് ഓഫ് ബറോഡയുടെ കാസര്‍കോട് ശാഖയില്‍നിന്ന് ഇതുപോലെ തട്ടിപ്പ് നടത്തിയതിന് കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ ഈ കേസ് സി.ബി.ഐ. ആണ് അന്വേഷിക്കുന്നത്. ഗുല്‍സാര്‍ അഹമ്മദിനെ തേടി സി.ബി.ഐ. ഒട്ടേറെ തവണ എത്തിയെങ്കിലും പിടിക്കാനായിരുന്നില്ല.
മുംബൈയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഉപ്പളയിലെ വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിവൈ.എസ്.പി.യും സംഘവും കുറെ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നാടകീയമായി മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് പിടികൂടിയത്.
വായ്പാ തട്ടിപ്പിന് ഒത്താശചെയ്തവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദ്, അഡീഷണല്‍ എസ്.ഐ. പുരുഷോത്തമന്‍, പ്രദീപ്കുമാര്‍ ചവറ, സുനില്‍ എബ്രഹാം, സുനീഷ് സിറിയക്, സി.വി.ഷാജു, പ്രകാശന്‍, ശ്രീജിത്ത്, പ്രദീഷ് ഗോപാല്‍, ശ്രീജിത് കയ്യൂര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
