Crime News

മാരകായുധങ്ങളുമായി കാറില്‍ പോയിരുന്ന മൂന്നംഗ അക്രമിസംഘം പിടിയില്‍

Posted on: 13 Mar 2015


ചാവക്കാട്: സ്വകാര്യകാറില്‍ മാരകായുധങ്ങളുമായി പോയിരുന്ന മൂന്നംഗ അക്രമിസംഘത്തെ പോലീസ് പിടികൂടി. കാറും കാറിലുണ്ടായിരുന്ന മാരകായുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

ചാവക്കാട് അനു ഗ്യാസ് ഏജന്‍സിക്കു സമീപം പണിക്കവീട്ടില്‍ സുഹൈര്‍ !(25), എടക്കഴിയൂര്‍ സ്വദേശികളായ കാര്യാടത്ത് ഷഹീം (27), തങ്ങള്‍വീട്ടില്‍ ഫഹദ് (26) എന്നിവരെയാണ് ചാവക്കാട് എസ്.ഐ. എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ യാത്രചെയ്തിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന വടിവാള്‍, ഇരുമ്പുപൈപ്പ്, പിടിയിട്ട സൈക്കിള്‍ചെയിന്‍ എന്നിവയും കണ്ടെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക്് നഗരത്തില്‍ വാഹനപരിശോധന നടത്തുമ്പോഴാണ് സംഘം അതുവഴി വന്നത്. പോലീസിനെ കണ്ടതോടെ കാര്‍ വഴിമാറ്റി പോയി. സംശയം തോന്നിയ പോലീസ് തെക്കേ ബൈപ്പാസ് ജങ്ഷനില്‍ റോഡില്‍ തടസ്സമുണ്ടാക്കി കാര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പ്രതികള്‍ അക്രമത്തിനു പുറപ്പെട്ടതാണെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്നവരാണ് പ്രതികള്‍. ഇവര്‍ വാടകയ്ക്ക് കാര്‍ വാങ്ങലും കൊടുക്കലും നടത്താറുണ്ട്. ഇത്തരമൊരു ഇടപാടില്‍ സംഘത്തിനെതിരെ ചാവക്കാട് പോലീസില്‍ എതിര്‍കക്ഷി പരാതി നല്‍കിയിരുന്നു. ഇയാളെ കാണാനും ചോദ്യം ചെയ്യാനുമാണ് സംഘം പുറപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ആത്മരക്ഷാര്‍ത്ഥമാണത്രെ പ്രതികള്‍ ആയുധങ്ങള്‍ കരുതിയത്. നല്ല മൂര്‍ച്ചയുള്ള വടിവാള്‍ അല്പം പഴകിയതാണ്. െസെക്കിള്‍ചെയിനും പഴക്കമുണ്ട്. ഇരുമ്പുപൈപ്പ് പുതിയതാണ്.

പ്രതികള്‍ക്കെതിരെ മറ്റെന്തെങ്കിലും കേസ് ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പാവറട്ടിയില്‍ ഈയിടെ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ തീരമേഖലയില്‍ മാരകായുധങ്ങളുമായി ചില സംഘങ്ങള്‍ രാത്രികാലങ്ങളില്‍ റോന്ത് ചുറ്റുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു.
പ്രതികളെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എ.എസ്.ഐ. മാധവന്‍, സീനിയര്‍ സി.പി.ഒ. ജീജോ, സി.പി.ഒ. ഷജീര്‍ എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു.

ചാവക്കാട് പോലീസ് അറസ്റ്റുചെയ്ത മൂന്നംഗ അക്രമിസംഘം, പിടിച്ചെടുത്ത മാരകായുധങ്ങള്‍, കസ്റ്റഡിയിലെടുത്ത കാര്‍

 

 




MathrubhumiMatrimonial