Crime News

ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ കേസ് സി.ബി.ഐക്ക് വിടാം: മന്ത്രി രമേശ്

Posted on: 12 Mar 2015


തിരുവനന്തപുരം : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ കേസ് സി.ബി.ഐ. ക്ക് വിടാന്‍ സര്‍ക്കാരിന് പൂര്‍ണ മനസ്സാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

ഈ കേസില്‍ പോലീസ് അന്വേഷണം നല്ലനിലയിലാണ് നടക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കും. നിഷാമിന്റെ സമ്പാദ്യത്തെക്കുറിച്ച് വിജിലന്‍സും സ്വത്ത് ആര്‍ജിച്ചതിനെക്കുറിച്ച് സി.ബി.സി.ഐ.ഡി. സാമ്പത്തികകാര്യ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും ചന്ദ്രബോസിന്റെ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ കേസ് സി.ബി.ഐ.ക്ക് വിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല.

നിഷാമിനെതിരായ കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് ശൂന്യവേളയില്‍ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബാബു എം. പാലിശ്ശേരിയാണ് ഇക്കാര്യം അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിഷാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ പോലീസ് ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് ബാബു എം. പാലിശ്ശേരി ചോദിച്ചു.

ഏറ്റവും ഹീനമായ ഈ കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി രമേശ് പറഞ്ഞു. കാപ്പ ചുമത്തുന്നതിന് അതിന്റെതായ നടപടികള്‍ പൂര്‍ത്തിയാക്കണം. മന്ത്രിയല്ല കാപ്പ വേണോയെന്ന് തീരുമാനിക്കുക. നിഷാമിനെ നേരത്തെ തന്നെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രി പറഞ്ഞു. ചന്ദ്രബോസിന്റെ വീട് താനും ആഭ്യന്തരമന്ത്രിയും സന്ദര്‍ശിച്ചെന്നും അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരമാവധി നിറവേറ്റിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യയ്ക്ക് ജോലി നല്‍കും. മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. 10 ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു.


ലോക്കല്‍ പോലീസിന് കേസന്വേഷണത്തില്‍ വഴിതെറ്റിയെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ? സി.ബി.ഐ അന്വേഷിച്ചാല്‍ സത്യം തെളിയുമോ? അഭിപ്രായം രേഖപ്പെടുത്താം...

 

 

 




MathrubhumiMatrimonial