Crime News

പോലീസ് ചമഞ്ഞ് കാര്‍ തട്ടിയെടുത്ത കേസ്: യുവാവ് അറസ്റ്റില്‍

Posted on: 12 Mar 2015


ചെര്‍ക്കള: പോലീസ് ചമഞ്ഞ് കാര്‍ തട്ടിയെടുത്ത കേസില്‍ ചെര്‍ക്കള സ്വദേശിയായ യുവാവ് അറസ്റ്റിലായി. ബി.കെ. പാറയിലെ സി.എം.മുഹമ്മദ് ഫൈസല്‍ (30) ആണ് അറസ്റ്റിലായത്. ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയത്തിനുസമീപം റോഷന്‍ വില്ലയില്‍ സിദ്ദിഖിന്റെ കാറാണ് തട്ടിയെടുത്തത്. സിദ്ദിഖിന്റെ മകന്‍ ഷിഫാറത്തിനെ കബളിപ്പിച്ചാണ് കാര്‍ തട്ടിയെടുത്തത്.

കഴിഞ്ഞ ഫിബ്രവരി 19-ന് ചെര്‍ക്കള ടൗണിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ സെന്ററിലേക്ക് ഷിഫാറത്ത് കാറോടിച്ചുവരുന്നത് ഫൈസല്‍ കണ്ടിരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയ ഫൈസല്‍ ഷിഫാറത്തിന് പിറകെ ട്യൂഷന്‍ സെന്‍ററിലെത്തി. വിദ്യാനഗര്‍ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി. കാര്‍ ഓടിച്ചുവന്ന കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. ക്ലാസ് തുടങ്ങിയതിനാല്‍ കുട്ടിയെ നല്കാതെ കാറിന്റെ താക്കോല്‍ അധ്യാപകന്‍ വാങ്ങി നല്കി.

രക്ഷിതാക്കള്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കബളിപ്പിച്ചതാണെന്ന് മനസ്സിലായത്. ഇതിനിടെ ഫൈസല്‍ കാറുമായി എറണാകുളത്തേക്ക് കടന്നിരുന്നു. വില്ക്കുകയായിരുന്നു ലക്ഷ്യം. പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ 26-ന് ചെര്‍ക്കളയില്‍ എത്തി കാര്‍ ഉപേക്ഷിച്ച് കടന്നു.

മൊബൈല്‍ ടവര്‍ പരിശോധിച്ചാണ് വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. ഇ.വി.രാജശേഖരനും സംഘവും പ്രതിയെ പിടികൂടിയത്. അധ്യാപകര്‍ പോലീസിന് നല്കിയ വിവരങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial