
കൂടാളിയില്‍ ബി.ജെ.പി. ഓഫീസിന് തീവെച്ചു
Posted on: 11 Mar 2015

കൂടാളി: കൂടാളി ഹൈസ്‌കൂളിന് സമീപമുള്ള ബി.ജെ.പി. ഓഫീസിനു തീയിട്ടു. വന്‍ദുരന്തമാണ് പോലീസിന്റെ ഇടപെടല്‍ മൂലം ഒഴിവായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മട്ടന്നൂര്‍ പോലീസ് എസ്.ഐ. പി.സന്തോഷും പാര്‍ട്ടിയും നടത്തുന്ന രാത്രികാല പട്രോളിങ്ങിനിടയിലാണ് ഓഫീസിനകത്ത് തീ കണ്ടത്.
ഉടനെ മട്ടന്നൂര്‍ ഫയര്‍ സര്‍വീസിനെ വരുത്തി വെള്ളം പമ്പുചെയ്ത് തീയണച്ചു. ഓടിട്ട ഇരുനില കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എട്ട് കടമുറികള്‍ ഈ കെട്ടിടത്തിലുണ്ട്. തൊട്ടടുത്തായി ഒട്ടേറെ കടകള്‍ വേറെയും. തീ കത്തിപ്പടര്‍ന്നിരുന്നെങ്കില്‍ അവയെല്ലാം ചാമ്പലായേനെ.
ബി.ജെ.പി. ഓഫീസിനകത്തുള്ള ഫര്‍ണിച്ചര്‍, ഫയലുകള്‍, ഫ്രെയിംചെയ്ത ഫോട്ടോ, മറ്റു സാധനങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. മട്ടന്നൂര്‍ പോലീസ് പത്ത് സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ശക്തമായ കാവലും ഏര്‍പ്പെടുത്തി. മുഖംമൂടി ധരിച്ച സംഘം ബൈക്കില്‍വന്നാണ് ഓഫീസ് പൂട്ടുപൊളിച്ച് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
കൂടാളിയില്‍ ബി.െജ.പി. ആഹ്വാനപ്രകാരം ഹര്‍ത്താല്‍ നടത്തി. പ്രതിഷേധപ്രകടനവുമുണ്ടായിരുന്നു.
