goodnews head

ആഞ്ഞിലിക്കാവ് വേലായുധനിത് ദൈവനിയോഗം

Posted on: 11 Mar 2015



അമ്പലപ്പുഴ: അമ്പലപ്പുഴയിലെ എട്ടാം ഉത്സവനാളില്‍ ആഞ്ഞിലിക്കാവ് വേലായുധന്‍ കുട്ടയും ചുമന്ന് ആഘോഷമായി കണ്ണന്റെ തിരുനടയിലെത്തി കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കും. ഒമ്പതാം ഉത്സവത്തിലെ പ്രസിദ്ധമായ നാടകശാല സദ്യക്ക് വിഭവങ്ങള്‍ വിളമ്പാനുള്ളതാണ് കുട്ടകള്‍. 78കാരനായ വേലായുധന്‍ ഈ പതിവു തുടങ്ങിയിട്ട് 47 വര്‍ഷം തികയുന്നു.

പണ്ടുകാലം മുതല്‍ ക്ഷേത്രത്തിലെ സദ്യക്കുള്ള കുട്ടകള്‍ നല്‍കുന്നതിനുള്ള അവകാശം ആമയിടയിലെ ആഞ്ഞിലിക്കാവ് കുടുംബത്തിനായിരുന്നു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഉത്സവദിനങ്ങളില്‍ നിത്യവും 101 കുട്ടകള്‍ വീതം തന്റെ പൂര്‍വ്വികന്മാര്‍ നല്‍കിയിരുന്നതായി വേലായുധന്‍ ഓര്‍ക്കുന്നു. പില്‍ക്കാലത്ത് ഇത് മുടങ്ങിപ്പോയി. കുടുംബക്ഷേത്രമായ ആഞ്ഞിലിക്കാവ് ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ 1968ല്‍ നടന്ന ദേവപ്രശ്‌നവിധിപ്രകാരമാണ് കുട്ടസമര്‍പ്പണം വീണ്ടും ആരംഭിച്ചത്. അന്ന് 31 വയസ്സുള്ള വേലായുധനാണ് ഈ നിയോഗം ഏറ്റെടുത്തത്. പിന്നീട്, മുടക്കിയില്ല. ഓരോ വര്‍ഷം കഴിയുന്തോറും ചടങ്ങ് കൂടുതല്‍ ആഘോഷസമൃദ്ധമാകുകയാണ്.

ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ ആഞ്ഞിലിക്കാവ് വീട്ടില്‍ കുട്ട നെയ്ത്ത് തുടങ്ങും. വേലായുധനെ സഹായിക്കാന്‍ സഹോദരങ്ങളും ബന്ധുക്കളുമെല്ലാമെത്തും. കുട്ടസമര്‍പ്പണത്തില്‍ സന്തതിപരമ്പരകളെല്ലാം പങ്കെടുക്കും. പ്രാര്‍ത്ഥനയോടെയാണ് കുട്ടനെയ്ത്ത്.

ഏഴാം ഉത്സവനാളില്‍ ഉച്ചകഴിയുമ്പോള്‍ ആഞ്ഞിലിക്കാവ് ക്ഷേത്രനടയില്‍ കുട്ടകള്‍ അലങ്കരിച്ചു വയ്ക്കും. വിളമ്പാനുള്ള കുട്ടകളും ഒരു കുട്ട അരിയും ഒരു കുട്ട നെല്ലും പച്ചക്കറികളും ആഘോഷമായിക്കൊണ്ടു വന്ന് പൊയ്‌ലക്കാഴ്ച വച്ച ശേഷം ഭഗവാന് സമര്‍പ്പിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുട്ടസമര്‍പ്പണ ഘോഷയാത്ര. സഹോദരങ്ങളും വേലായുധനൊപ്പമുണ്ടാകും. പതിനായിരം രൂപയിലധികം ചെലവഴിച്ചാണ് ചടങ്ങ് നടത്തുന്നത്. സമര്‍പ്പണസമയത്ത് ദേവസ്വം അധികാരികള്‍ നല്‍കുന്ന ദക്ഷിണയല്ലാതെ ഈ പാരമ്പര്യചടങ്ങിനെ നിലനിര്‍ത്താന്‍ ദേവസ്വം ബോര്‍ഡിന്റെ യാതൊരു സഹായവും ഇല്ലെന്നാണ് വേലായുധന്റെ പരാതി.

 

 




MathrubhumiMatrimonial