Crime News

'സ്‌മോക് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പങ്ക് '

Posted on: 11 Mar 2015



കൊച്ചി: കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടന്നത് സ്‌മോക് പാര്‍ട്ടി തന്നെയാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. കൂട്ടത്തില്‍ ഒരാളുടെ കൈയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെങ്കിലും ഫ്‌ലാറ്റിലുണ്ടായിരുന്ന സംഘത്തിലെ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമുണ്ട്. കൊക്കെയ്!ന്‍ കേസില്‍ പിടിയിലായ ഷൈന്‍ ടോം ഉള്‍പ്പെടെ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്.

ഒരാളില്‍ നിന്ന് മാത്രമാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്നും മറ്റുള്ളവരുടെ തടങ്കല്‍ ആവശ്യമില്ലെന്ന ഹര്‍ജിക്കാരുടെ വാദം സ്വീകാര്യമല്ല. കേസിലെ ഒന്നാം പ്രതിയായ രേഷ്മയുടെ കൈയില്‍ ആവശ്യത്തിന് കൊക്കെയ്ന്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിവുണ്ടായിരുന്നു. പല കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ട നിഷാമിന്റേതാണ് സ്‌മോക് പാര്‍ട്ടി നടന്ന ഫ്‌ലാറ്റെന്നും സര്‍ക്കാര്‍ അറിയിച്ചു.

രേഷ്മയും ബ്ലെസ്സിയും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പോയി, ഗോവയില്‍ നിന്ന് മയക്കുമരുന്നുമായെത്തിയ നൈജീരിയക്കാരന്‍ ഒക്കോവ ഷിഗോസി കോളിന്‍സിനെ കൂട്ടിക്കൊണ്ടുവന്നെന്ന് സ്റ്റേഷനിലെ സി.സി. ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയാണ് മയക്കുമരുന്ന് എത്തിച്ചതിനു പിന്നിലെന്നാണ് കരുതുന്നത്.

കൊച്ചിയെ മയക്കുമരുന്ന് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്ന മാഫിയയെക്കുറിച്ച് അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മയക്കുമരുന്ന് എത്തിച്ചയാളെ പിടികൂടിയതിനാല്‍ കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാവില്ല. ഹര്‍ജിക്കാര്‍ സ്വാധീന ശക്തിയുള്ളവരാണ്. ജാമ്യത്തില്‍ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.

ഉദയംപേരൂരില്‍ ഒരു ചലച്ചിത്രത്തിന്റെ ഷൂട്ടിങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ രേഷ്മ ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫ്‌ലാറ്റില്‍ സഹ സംവിധായിക ബ്ലെസ്സിയുമായി അടുത്ത ചിത്രത്തിന്റെ ചര്‍ച്ച നടത്തി.

മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യാത്തതിനാല്‍ ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
താന്‍ മയക്കുമരുന്നുപയോഗിക്കില്ലെന്നും കൈവശം വെച്ചിട്ടില്ലെന്നും ബ്ലെസ്സി ബോധിപ്പിച്ചു. ഫ്‌ലാറ്റ് തന്റേതല്ല, ആരെയും അവിടേക്ക് വിളിച്ചിട്ടുമില്ല.

പാന്റ്‌സിന്റെ പോക്കറ്റില്‍ വെയ്ക്കാവുന്ന മയക്കുമരുന്നല്ല കൊക്കെയ്ന്‍. ശീതീകരിച്ച് വെയ്‌ക്കേണ്ടതാണ്. അത് ദേഹത്തു വെച്ച് തന്നെ ബലിയാടാക്കുകയായിരുന്നെന്നാണ് ഒന്നാം പ്രതി രേഷ്മ വാദിച്ചത്. ചലച്ചിത്രത്തില്‍ റോള്‍ വാഗ്ദാനം ലഭിച്ചാണ് തങ്ങള്‍ ഫ്‌ലാറ്റില്‍ എത്തിയതെന്നാണ് ടിന്‍സി ബാബുവും സ്‌നേഹ ബാബുവും ബോധിപ്പിച്ചത്.

ഫ്‌ലാറ്റില്‍ ഇവരെല്ലാം എത്തിയത് എങ്ങനെയെന്നതിന് വ്യക്തമായ വിശദീകരണമില്ലെന്നും സ്‌മോക് പാര്‍ട്ടിക്കിടയില്‍ അടുത്ത സിനിമയെക്കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നുവെന്ന വാദം വിശ്വസനീയമല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

 

 




MathrubhumiMatrimonial