goodnews head

അച്ഛന്‍ പൊള്ളലേല്‍പ്പിച്ച കുഞ്ഞിന്റെ ചികിത്സ മമ്മൂട്ടി ഏറ്റെടുക്കും

Posted on: 11 Mar 2015


കോട്ടയം: അച്ഛന്‍ പൊള്ളലേല്‍പ്പിച്ച മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശമെത്തുന്നു. വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുന്നതായി മമ്മൂട്ടി. അഞ്ചല്‍ ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രതിതാഭവനില്‍ തോമസിന്റെ മകന്‍ മനീഷിന്റെ ചികിത്സയാണ് മമ്മൂട്ടി ഏറ്റെടുക്കുക. മമ്മൂട്ടി ഡയറക്ടറായുള്ള പതഞ്ജലി ആയുര്‍വേദ ചികിത്സാലയം കുഞ്ഞിന്റെ ചികിത്സ നിര്‍വഹിക്കുമെന്ന് ആസ്പത്രിയുടെ മുഖ്യചികിത്സകന്‍ ജ്യോതിഷ് കുമാര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടത്. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതമൂലം സംസാരിക്കാനാവാത്ത നിലയിലാണ് കുട്ടിയിപ്പോള്‍. തൈക്കാട് ശിശുക്ഷേമസമിതിയുടെ സംരക്ഷണച്ചുമതലയില്‍ കുഞ്ഞ് ഇപ്പോള്‍ തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ ചികിത്സയിലാണ്.

പൊള്ളലേറ്റ മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ ചികിത്സാവാഗ്ദാനം


കുറ്റിപ്പുറം: പിതാവ് പൊള്ളലേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസ്സുകാരന് ചികിത്സാ വാഗ്ദാനവുമായി നടന്‍ മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശം. കൊല്ലം അഞ്ചലിനടുത്ത് ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രജിതാഭവനില്‍ തോമസ് ഫ്രാന്‍സിസിന്റെ മകന്‍ മോനിഷ് തോമസിനെത്തേടിയാണ് മമ്മൂട്ടിയുടെ സ്‌നേഹവായ്‌പെത്തിയത്.

പൊള്ളലേറ്റ മോനിഷ് ഇപ്പോള്‍ തിരുവനന്തപുരത്തെ എസ്.എ.ടി. ആസ്പത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേല്‍പ്പിച്ച അച്ഛന്‍ തോമസ് ഫ്രാന്‍സിസിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ശിശുക്ഷേമസമിതി പ്രവര്‍ത്തകരാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

മോനിഷിന്റെ വേദന 'മാതൃഭൂമി'യിലൂടെ വായിച്ചറിഞ്ഞ മമ്മൂട്ടി ചൊവ്വാഴ്ച രാവിലെതന്നെ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാലയത്തിലെ വൈദ്യന്‍ ജ്യോതിഷ്‌കുമാറുമായി ബന്ധപ്പെടുകയും ചികിത്സ ആവശ്യമെങ്കില്‍ സൗജന്യമായി ചെയ്തുകൊടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ 'പതഞ്ജലി'യുടെ ഡയറക്ടര്‍ കൂടിയാണ് മമ്മൂട്ടി.

വലതുകൈയ്ക്കും ചുണ്ടിലുമാണ് മോനിഷിന് പൊള്ളലേറ്റിട്ടുള്ളത്. കുട്ടിയ്ക്ക് പോഷകാഹാരക്കുറവുമുണ്ട്. നിലവിലെ ചികിത്സയ്ക്ക് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിലോ ബുദ്ധിമുട്ടുണ്ടെങ്കിലോ സൗജന്യമായി ചികിത്സ ലഭ്യമാക്കി പൊള്ളല്‍ ഭേദമാക്കി നല്‍കാനാണ് മമ്മൂട്ടി നിര്‍ദേശിച്ചിട്ടുള്ളത്. പതഞ്ജലിയിലൂടെ ഒട്ടേറെപ്പേര്‍ക്ക് മമ്മൂട്ടി സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial