
'ബങ്കാര മക്കളുക്ക് 'കടല്‍ കടന്ന് സഹായമെത്തുന്നു
Posted on: 11 Mar 2015

കാസര്‍കോട്: അരുണഗുഡ്ഡെയിലെ സുഹാസിനിയുടെ ഒറ്റ പ്രസവത്തിലെ മൂന്ന് മക്കള്‍ക്ക് കടല്‍ കടന്നും സഹായമെത്തുന്നു. ഇവരെക്കുറിച്ചുള്ള 'മാതൃഭൂമി വാര്‍ത്ത' ഫെയസ്ബുക്കിലൂടെ പ്രചരിപ്പിച്ച സുഹൃത്തുക്കള്‍ വഴിയാണ് ഈ സഹായം എത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന രാമന്തളി സ്വദേശി സാജന്‍ രാമന്തളിയാണ് പത്ത് മാസം പ്രായമായ മധുസരിയും മധുവും മണിക്കും മാസാമാസം തുക നല്കുക. തനിക്ക് ആവുന്ന കാലത്തോളം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അയച്ചു കൊടുക്കുമെന്ന് സാജന്‍ ' മാതൃഭൂമി' യോട് പറഞ്ഞു.
വാര്‍ത്ത വായിച്ച് ഗള്‍ഫിലെ ഉദ്യോഗസ്ഥന്‍ സുരേഷ് ഗംഗന്‍ രാമന്തളി കുരുന്നുകള്‍ക്ക് അയ്യായിരം രൂപ ആദ്യഘട്ടം നല്‍കി. പാല്‍ പൗഡറും മറ്റു അയച്ചു കൊടുക്കുമെന്നും സുരേഷ് ഗംഗന്‍ അറിയിച്ചിരുന്നു.
ചന്തേര ജി.യു.പി. സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിനി ഗായത്രി എരവിലും അനുജന്‍ അഞ്ചു വയസ്സുകാരന്‍ ഗൗതം എരവിലും സ്വരൂപിച്ച 2672 രൂപ കുരുന്നുകള്‍ക്ക് നല്കി. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറിയിലെ റിസോഴ്‌സ് അധ്യാപകന്‍ സി.രാമകൃഷ്ണന്‍ അരുണഗുഡ്ഡെയിലെ വീട്ടില്‍ എത്തിയാണ് തുക കൈമാറിയത്. അധ്യാപകന്‍ രാജേഷും ഒപ്പമുണ്ടായി.
പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ 'മാതൃകം' പെണ്‍കൂട്ടായ്മയുടെ അയ്യായിരം രൂപ, കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ അതുല്യം പഠിതാക്കള്‍ ക്ലാസ് മുറിയില്‍ നിന്ന് സ്വരൂപിച്ച മൂവായിരം രൂപ, എ.ബി.സി. സ്‌പോര്‍ട്ടിങ് കാലിക്കടവിന്റെ മൂവായിരം രൂപ എന്നിവയും അദ്ദേഹം കൈമാറി. കാസര്‍കോട് നെല്ലിക്കുന്ന് സൗപര്‍ണികയിലെ രമാ അശോക് കുരുന്നുകള്‍ക്കായി അഞ്ച് ബോട്ടില്‍ ടിന്‍ പാല്‍ പൗഡര്‍ നല്കിയിരുന്നു.
അമ്മിഞ്ഞപ്പാല് വറ്റിയ സുഹാസിനിയെക്കുറിച്ചും അവരുടെ ഒറ്റ പ്രസവത്തിലെ മൂന്ന് കണ്‍മണികളെക്കുറിച്ചും വനിതാദിനത്തിലാണ് ' മാതൃഭൂമി' വാര്‍ത്ത നല്കിയത്.
