
മുന്‍ കാമുകനെ കൊന്ന 15-കാരിയും കൂട്ടാളികളും അറസ്റ്റില്‍
Posted on: 10 Mar 2015

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ഹോളിദിനത്തില്‍ 16-കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും കൂട്ടാളികളുമടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ബുരൗരിക്കടുത്ത് 16-കാരന്‍ കമല്‍ കൊല്ലപ്പെട്ട കേസിലാണ് 15-കാരി, 17 വയസ്സുള്ള കാമുകന്‍, സുഹൃത്തുക്കളായ ഗൗതം, കെസ്റ്റോ, ഗോവിന്ദ, നവീന്‍ എന്നിവര്‍ അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അച്ഛനമ്മമാര്‍ മരിച്ച്, അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് കേസിലെ മുഖ്യപ്രതി. ഇവള്‍ കൊല്ലപ്പെട്ട കുട്ടിയുമായി നേരത്തേ പ്രണയത്തിലായിരുന്നു. പിന്നീട് മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതിനെച്ചൊല്ലി കമല്‍ ഇരുവരുമായി വഴക്കിട്ടിരുന്നു. ഇതാണ് കമലിനോട് ഇരുവര്‍ക്കും വൈരാഗ്യംതോന്നാന്‍ കാരണം.
ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടി സ്‌നേഹംനടിച്ച് കമലിനെ ഹോളിയാഘോഷത്തിനു ക്ഷണിച്ചു. കമല്‍ എത്തിയ ഉടന്‍ പെണ്‍കുട്ടിയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കുത്തിവീഴ്ത്തി രക്ഷപ്പെട്ടു. നിലവിളികേട്ടെത്തിയ യാഷ് കുമാര്‍ എന്നയാളാണ് രക്തത്തില്‍ക്കുളിച്ചുകിടന്ന കമലിനെ പോലീസിന്റെ സഹായത്തോടെ ആസ്പത്രിയിലേക്കു കൊണ്ടുപോയത്. പ്രതികളെക്കുറിച്ച് കമല്‍ യാഷിനോടു പറഞ്ഞിരുന്നു. മരിക്കുന്നതിനുമുമ്പ് ആസ്പത്രിയില്‍വെച്ച് പോലീസിനും മൊഴിനല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
