Crime News

നിഷാമിനെതിരെ കാപ്പ

Posted on: 10 Mar 2015

കെ.കെ. ശ്രീരാജ്‌



പ്രതിയെ ആറുമാസംവരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം
തൃശ്ശൂര്‍: അനിശ്ചിതത്വത്തിനൊടുവില്‍, വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ ജില്ലാ ഭരണകൂടം കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) ചുമത്തി.
ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ അനുമതി ലഭിക്കുന്നതോടെ ഇത് പൂര്‍ണ തോതില്‍ പ്രാബല്യത്തില്‍ വരും. പ്രതിയെ ആറുമാസം കരുതല്‍ തടങ്കലില്‍ വെക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നിയമം.

ചന്ദ്രബോസ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഷാം, കേസിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ജാമ്യംനേടി പുറത്തിറങ്ങുന്നത് തടയാന്‍ കാപ്പ ചുമത്തപ്പെടുന്നതോടെ അധികൃതര്‍ക്ക് സാധിക്കും. നിഷാമിന് മേല്‍ കാപ്പ ചുമത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി നല്‍കിയ ശുപാര്‍ശ ജില്ലാ കളക്ടര്‍ എം.എസ്. ജയ അംഗീകരിക്കുകയായിരുന്നു.

ഫിബ്രവരി ഒന്നിനാണ് ഇതു സംബന്ധിച്ച ഫയല്‍ കളക്ടറുടെ മുന്നിലെത്തിയത്. നിയമോപദേശം തേടി നിരവധി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് കാപ്പ ചുമത്താന്‍ കളക്ടര്‍ തീരുമാനിച്ചത്. ഇനി ഈ തീരുമാനം സര്‍ക്കാറിനെയും ഡി.ജി.പി.യെയും അറിയിക്കും. പരമാവധി 12 ദിവസത്തിനുള്ളില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വാങ്ങിക്കണം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കാപ്പ ചുമത്തുന്നതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കാപ്പ ഉപദേശക സമിതിയേയും അറിയിക്കണം.

നിഷാമിനെതിരെ 13 കേസുകളുള്ള കാര്യം ചൂണ്ടിക്കാണിച്ചാണ് കമ്മീഷണര്‍ കാപ്പ ചുമത്തുന്നതിന് അനുമതി തേടിയത്. ബെംഗളൂരുവിലെ രണ്ട് കേസുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഡലിനെ മാനഭംഗപ്പെടുത്തിയെന്ന കേസും വണ്ടിയിടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന കേസുമാണിത്. കൂടാതെ വനിതാ എസ്.ഐ.യെ വാഹനത്തില്‍ പൂട്ടിയിട്ട സംഭവവും വീടുകയറി ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിഷാമിനെതിരെ കാപ്പ ചുമത്തുമെന്ന് സംഭവദിവസംതന്നെ സ്ഥലം സന്ദര്‍ശിച്ച എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡി അറിയിച്ചിരുന്നു. പക്ഷേ, പല കേസുകളും ഒത്തുതീര്‍ന്നത് ഇതിനു വിഘാതമാകുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കേസ് കൂടി പരിഗണിച്ചാണ് ഇപ്പോള്‍ കാപ്പ ചുമത്തിയിരിക്കുന്നത്. ഒത്തുതീര്‍ന്ന കേസുകളും ഇതില്‍ പരിഗണിക്കാമെന്ന ഹൈക്കോടതി ഉത്തരവ് ഇതിനിടെ വന്നത് അധികൃതര്‍ക്ക് ബലം പകര്‍ന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു വിധി വന്നത്.

നിഷാമിനെതിരെ കാപ്പ ചുമത്താന്‍ 2013 ഏപ്രില്‍ 26ന് ശ്രമം നടന്നിരുന്നു. കേസ് ഒത്തുതീര്‍പ്പിലൂടെ നിഷാം മറികടക്കുകയായിരുന്നു. ചന്ദ്രബോസിനെതിരെ ഇയാള്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ശ്രമം വീണ്ടും ശക്തമായത്.

കാപ്പയെന്നാല്‍


സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ 2007ല്‍ രൂപം നല്‍കിയ നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട്.

സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമുണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്.

ഗുണ്ടകള്‍, കള്ളനോട്ട് നിര്‍മാതാക്കള്‍, മണല്‍മാഫിയ, കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയൊക്കെയാണ് സാധാരണ കാപ്പ ചുമത്താറുള്ളത്. ഗുണ്ടാപട്ടികയിലുള്‍പ്പെടുത്തിയാണ് നടപടി സ്വീകരിക്കുക. കാപ്പ ചുമത്തുന്നവരെ നാടുകടത്താം. സംസ്ഥാനത്ത് ഇതുവരെയായി കാപ്പ പ്രകാരം 470 പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്.


 

 




MathrubhumiMatrimonial