goodnews head

ഈ സ്വപ്‌നത്തിനുനല്‍കാം... ഫുള്‍ എ പ്ലസ്

Posted on: 08 Mar 2015

സിറാജ് കാസിം



കോട്ടയ്ക്കല്‍: പൂജ്യത്തിന് പുറത്തായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അതിനടുത്ത മത്സരത്തെ സമീപിക്കുന്നരീതി പറഞ്ഞ് പ്രമോദ് മാഷ് ക്ലാസെടുക്കുമ്പോള്‍ ഒരുകുട്ടിയുടെ മനസ്സില്‍പ്പോലും പൂജ്യമുണ്ടായിരുന്നില്ല. നിലാവുപൊഴിയുന്ന രാത്രിയില്‍ മരച്ചുവട്ടിലിരുന്ന് പഠിക്കുമ്പോള്‍ അവരുടെയെല്ലാം മനസ്സില്‍ വിജയത്തിന്റെ വലിയ പ്രതീക്ഷകള്‍മാത്രം. ജോലിസമയം കഴിഞ്ഞിട്ടും വീട്ടില്‍പോകാതെ കുട്ടികള്‍ക്കുവേണ്ടി പാടുപെടുന്ന അധ്യാപകരുടെ മനസ്സിലും വിജയത്തിന്റെ നൂറുമേനി സ്വപ്‌നങ്ങള്‍.

ഇതൊരു വലിയ പ്രതീക്ഷയിലേക്കുള്ള സഞ്ചാരമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കുട്ടികളെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിരുത്തുന്ന എടരിക്കോട് പി.കെ.എം.എം ഹൈസ്‌കൂളിന്റെ സ്വപ്‌നസഞ്ചാരം.

2,118 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയാണ് എടരിക്കോട് സ്‌കൂള്‍ ചരിത്രംകുറിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ ഇത്രയധികം വിദ്യാര്‍ഥികള്‍ ഒരു സ്‌കൂളില്‍ പരീക്ഷയ്ക്കിരുന്നിട്ടില്ല. വിജയത്തിന്റെ വലിയൊരു ചരിത്രംകൂടി കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എടരിക്കോടും അവിടത്തെ കുട്ടികളും അധ്യാപകരും തിങ്കളാഴ്ചതുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞതവണ 1,606 കുട്ടികളെ പരീക്ഷയ്ക്കിരുത്തി അതില്‍ 1,600 പേരെയും വിജയിപ്പിച്ച എടരിക്കോട് സ്‌കൂള്‍ ഇത്തവണ നൂറുമേനിതന്നെയാണ് സ്വപ്‌നംകാണുന്നത്.

പ്രഭാതക്ലാസ് മുതല്‍ രാത്രിക്ലാസ് വരെയുള്ള വിവിധ പഠനരീതികളുമായാണ് എടരിക്കോട് സ്‌കൂള്‍ എസ്. എസ്.എല്‍.സി പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. പഠനത്തില്‍ ഏറ്റവുംപിന്നില്‍ നില്‍ക്കുന്ന ആണ്‍കുട്ടികള്‍ക്കാണ് രാത്രിക്ലാസ് നല്‍കുന്നത്. 300-ഓളം കുട്ടികള്‍ ഇവിടെ രാത്രിക്ലാസിനെത്തുന്നുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് രാവിലെ എട്ടുമണിമുതലാണ് പ്രത്യേക ക്ലാസ് നല്‍കുന്നത്.
ശരാശരിക്കാരായ വിഭാഗത്തിന് സാധാരണ ക്ലാസ്സമയത്തിന് ഇടയിലുള്ള ഇടവേളകളിലാണ് പ്രത്യേകക്ലാസ് കൊടുക്കുന്നത്. എ പ്ലസ് പ്രതീക്ഷയുള്ള കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് ഉള്‍പ്പെടെയുള്ള പരിശീലനവും എടരിക്കോട് സ്‌കൂളില്‍ നല്‍കുന്നുണ്ടെന്ന് പ്രഥമാധ്യാപകന്‍ കെ. കുഞ്ഞിമൊയ്തു പറഞ്ഞു.

'മരച്ചുവട്ടിലും വരാന്തയിലുമൊക്കെയായി തുറന്ന അന്തരീക്ഷത്തിലാണ് രാത്രിക്ലാസ് നടത്തുന്നത്. വൈകുന്നേരം അഞ്ചുമണിമുതല്‍ ആറരവരെയാണ് ആദ്യ സെഷന്‍. പിന്നീട് ഭക്ഷണത്തിനായി ഒരിടവേള. സ്‌കൂളില്‍ തയ്യാറാക്കിയ ഭക്ഷണം കുട്ടികള്‍തന്നെയാണ് വിതരണംചെയ്യുന്നത്. ഇടവേളകഴിഞ്ഞ് തുടങ്ങുന്ന ക്ലാസ് ഒമ്പതുമണിയോടെ തീരും...'' കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എ. ജയകുമാറും പി.കെ. അഹമ്മദും രാത്രിക്ലാസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

 

 




MathrubhumiMatrimonial