
'ഉമ്മച്ചി'യുടെ കൈത്തൊട്ടിലിലേറി അലീഷ പരീക്ഷാ ഹാളിലേക്ക്
Posted on: 08 Mar 2015
വി.ജെ. റാഫി

അലീഷ പിറന്നു വീണപ്പോഴെ വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ഉപ്പ പിന്നെ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല. പാലപ്പിള്ളി എസ്റ്റേറ്റിലെ പുറമ്പോക്കിലെ കൂരയിലിരുന്ന് ആസിയ മകള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. കൊടകര ബി.ആര്‍.സി.യുടെ പിന്തുണയും. അങ്ങനെ ഒമ്പതാം വയസ്സില്‍ അലീഷ പൗണ്ട് എല്‍.പി. സ്‌കൂളില്‍ നാലാം ക്ലൂസ്സില്‍ ചേര്‍ന്നു.
വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലൂസ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍ അലീഷ.
മകളെ ഒക്കത്തിരുത്തി റബ്ബര്‍ തോട്ടങ്ങളും ആട്ടുപാലവും കടന്ന് ഓട്ടോ വിളിച്ചാണ് സ്‌കൂളിലെത്തിച്ചിരുന്നത്. പിന്നെ സ്‌കൂളിനടുത്ത് വാടക വീടു തരപ്പെടുത്തി. തയ്യല്‍ വശമുള്ള ആസിയ മകളുടെ കാര്യങ്ങള്‍ നോക്കി ബാക്കിയുള്ള സമയം മുഴുവന്‍ തയ്യല്‍ പണിയിലേര്‍പ്പെടും. കഠിനാധ്വാനം കൊണ്ട് കിട്ടുന്നത് മുഴുവനും മകളുടെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും തളര്‍ന്ന അലീഷയ്ക്ക് ഇപ്പോള്‍ അല്പസമയം കസേരയില്‍ ഇരിക്കാമെന്ന സ്ഥിതിയായി. വളഞ്ഞ കൈകാലുകള്‍ക്കും ചെറിയ മാറ്റം വന്നു. ഇടതു കൈ കുറേശ്ശെ ചലിപ്പിക്കാം. ഇതുകൊണ്ടാണ് എഴുത്തും മറ്റു ചെയ്യുക. കൊച്ചിയിലും ബെംഗളൂരുവിലെ നിംഹാന്‍സ് ആസ്പത്രിയിലുമൊക്കെ ഏറെ ചികിത്സകള്‍ നടത്തി. ഒരു ശസ്ത്രക്രിയ കൂടി ചെയ്താല്‍ അലീഷയ്ക്ക് എഴുന്നേറ്റ് നില്‍ക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനുള്ള പണമില്ല.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അലീഷയ്ക്ക് വശമുണ്ട്. ഫാഷന്‍ ഡിസൈനിങ്ങും ഗ്ലൂസ്‌പെയിന്റിങ്ങും ജ്വല്ലറി നിര്‍മ്മാണവുമൊക്കെ പഠിച്ചു. ചിത്രം വരയ്ക്കും. തുണിയില്‍ തുന്നല്‍പ്പണികളും ചെയ്യും. കണക്കിനോടും ഇംഗ്ലൂഷിനോടുമാണ് ഏറെ ഇഷ്ടം.
അലീഷയ്ക്ക് വേണ്ടി സഹായിയാണ് പരീക്ഷ എഴുതുക. മോഡല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ അലീഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലൂസ് കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്. തളര്‍ന്നു കിടക്കുമ്പോഴെ അക്ഷരങ്ങളോട് കൂട്ടുകൂടിയ അലീഷ കുഞ്ഞുനാളിലേ കഥകളും കവിതകളും എഴുതിയിരുന്നു. കൊച്ചിയിലെ ആതുരകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അലീഷയെ കാണാനെത്തിയത്. അന്ന് മനസ്സില്‍ പ്രതീക്ഷകളുടെ അഗ്നിച്ചിറകുകള്‍ മുളയെടുത്തത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നാണ്.
പഠിച്ച് ഒന്നാമതാകണം. ജോലി നേടണം. തനിക്കു വേണ്ടിമാത്രം ജീവിക്കുന്ന ഉമ്മച്ചിക്ക് ആശ്രയമാകണം. അലീഷയുടെ കുഞ്ഞുമോഹങ്ങളിലുമുണ്ട് ശുഭപ്രതീക്ഷകളുടെ ഇത്തരിവെട്ടം. വേലൂപ്പാടം സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അലീഷ പരീക്ഷയെഴുതുക.
