Crime News

ഗോവയില്‍ കൊക്കെയ്‌നിന് പേര് 'ചാര്‍ളി', കഞ്ചാവിന് 'വീഡ്'

Posted on: 08 Mar 2015

ബിബിന്‍ ബാബു



കൊച്ചി: നഗരത്തില്‍ കൊക്കെയ്ന്‍ എത്തിയതിന്റെ ഉറവിടം തേടി ഗോവയിലെത്തിയ പോലീസ് സംഘം നിശാ പാര്‍ട്ടികളില്‍ കണ്ടത് വിചിത്രമായ കോഡ് ഭാഷകളാണ്. കൊക്കെയ്ന്‍ ഇടപാടുകാരും വില്പനക്കാരും തമ്മില്‍ ആശയവിനിമയം നടത്താന്‍ ഇത്തരം ചില അവ്യക്തമായ കോഡ് ഭാഷകള്‍ ഉണ്ടെന്ന് പാര്‍ട്ടികളില്‍ വേഷപ്രച്ഛന്നരായെത്തിയ അന്വേഷണ സംഘം മനസ്സിലാക്കുകയായിരുന്നു.

പാര്‍ട്ടിക്കിടയില്‍ ലഹരി വേണമെങ്കില്‍, യഥാര്‍ത്ഥ പേര് പറഞ്ഞാല്‍ വിതരണക്കാര്‍ക്ക് സംശയം തോന്നും. അതിനാല്‍ കൊക്കെയ്‌നിന് 'ചാര്‍ളി' എന്നും കഞ്ചാവിന് 'വീഡ്' (ംലലറ) എന്നുമാണ് പാര്‍ട്ടിക്കിടയില്‍ പറയുന്നത്. വാങ്ങണം എന്നതിന് 'സ്‌കോര്‍' എന്നും ഗ്രാമിന് 'ജി' എന്നും ഒക്കെയാണ് കോഡുകള്‍. വിതരണക്കാരുമായി ഇത്തരത്തില്‍ ബന്ധപ്പെട്ടാല്‍ മാത്രമേ സാധനം ലഭിക്കുകയുള്ളൂ.

ഈ മാസം രണ്ടിനാണ് കൊച്ചിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഗോവയിലെത്തിയത്. ഗോവയിലെ പ്രധാന ബീച്ചുകളായ അഞ്ജന, ആരംഭോള്‍, മാന്‍ഡ്രേം എന്നിവിടങ്ങളില്‍ നിന്നും കറുത്ത വര്‍ഗക്കാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തി.

ബീച്ചുകളില്‍ റഷ്യ, നൈജീരിയ, ഹോളണ്ട് സ്ഥലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദേശികള്‍ പുലര്‍ച്ചെ വരെ പാട്ടും നൃത്തവുമായി തങ്ങുന്നതിനാല്‍ അവര്‍ക്കിടയില്‍ പ്രതിയെ കണ്ടെത്തല്‍ ദുഷ്‌കരമായി. മയക്കുമരുന്ന് ഉപയോഗിക്കുന്നര്‍ ആയുധം കൊണ്ടുനടക്കുന്നവരും അക്രമകാരികളുമായിരിക്കുമെന്ന് ഗോവ പോലീസ് ആന്റി നാര്‍കോട്ടിക് സെല്‍ അറിയിച്ചതിനാല്‍ കരുതലോടെയായിരുന്നു തിരച്ചില്‍.

അര്‍ദ്ധരാത്രി ലഹരി പാര്‍ട്ടികളില്‍, സംഘം തിരിഞ്ഞ് പോലീസ് രഹസ്യത്തില്‍ കയറിപ്പറ്റി. കൊച്ചിയില്‍ പിടിയിലായ രേഷ്മയുടെ ഫോണിലേക്ക് കോള്‍ വന്ന നമ്പറിലേക്ക് ബുധനാഴ്ച വൈകീട്ട് വിളിച്ച് കോഡ് ഭാഷയില്‍ കൊക്കെയ്ന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം തരാമെന്ന് സമ്മതിച്ച് ഒക്കാവോ കോളിന്‍സ് സ്‌കൂട്ടറില്‍ സ്ഥലത്തെത്തി. പക്ഷേ, സംശയം തോന്നി ഉടന്‍ സ്ഥലംവിട്ടു. അന്വേഷണ സംഘം ഇയാളുടെ വാഹനത്തെ പിന്‍തുടര്‍ന്നു.

നൈജീരിയന്‍ സ്വദേശികള്‍ കൂടുതലായി താമസിക്കുന്ന നോര്‍ത്ത് ഗോവയിലെ ചൊപ്പടേം ഭാഗത്ത് എത്തിയപ്പോള്‍ ഒരു വീടിന്റെ പിന്‍ഭാഗത്ത് രഹസ്യ കേന്ദ്രത്തിലേക്ക് ഓടിക്കയറിയ ഇയാളെ പോലീസ് പിന്‍തുടര്‍ന്നു. പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് ഏഴ് കറുത്ത വര്‍ഗക്കാര്‍ അടങ്ങുന്ന സംഘം പോലീസിനെ മാരകായുധങ്ങളുമായി നേരിട്ടു. മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കസ്റ്റഡിയിലാക്കിയെങ്കിലും അവിടെ നിന്ന് കൊണ്ടുപോകുകയെന്നത് ദുഷ്‌കരമായിരുന്നു.

തുടര്‍ന്ന് ഗോവ പോലീസിലെ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതിയെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. പ്രതിയുടെ പക്കലുണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍, അത് രേഷ്മയെ വിളിക്കുകയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ലൊക്കേഷന്‍ കാണപ്പെടുകയും ചെയ്ത അതേ നമ്പറാണെന്ന് പോലീസ് മനസ്സിലാക്കി.
പ്രതിയുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ട സമയത്ത് അയാള്‍ ധരിച്ചിരുന്ന ടൈറ്റ് ജാക്കറ്റും 'എല്‍' എന്നെഴുതിയ തൊപ്പിയും പ്രതിയുടെ പാസ്‌പോര്‍ട്ടും 75,000 രൂപയും കണ്ടെടുത്തു.

തൊട്ടടുത്ത പെര്‍ണം പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അറസ്റ്റ് വിവരം അറിയിച്ച ശേഷം മെഡിക്കല്‍ പരിശോധന നടത്തി, പ്രതിയെ പര്‍വോറിം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്.



 

 




MathrubhumiMatrimonial