
ജനകീയക്കൂട്ടായ്മയില്‍ പാലം പുതുക്കിപ്പണിയുന്നു
Posted on: 08 Mar 2015

ചിറ്റാരിക്കാല്‍: പലകകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലായ കോലുവള്ളി കമ്പിപ്പാലം പുതുക്കിപ്പണിയാന്‍ ജനകീയക്കൂട്ടായ്മ. കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയന്‍കുന്നിനെ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് കോലുവള്ളി കമ്പിപ്പാലം. കോലുവള്ളി കമ്പിപ്പാലത്തിന്റെ പലകകള്‍ അടര്‍ന്നുവീണ് അപകടാവസ്ഥയിലായത് പുതുക്കിപ്പണിയാനായി 3.5 ലക്ഷം രൂപ റവന്യൂവകുപ്പ് അനുവദിച്ചിരുന്നു.
എന്നാല്‍, പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ ആരും തയ്യാറായില്ല. തുക നഷ്ടപ്പെടാനിടയുള്ളതിനാല്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പണി ആരംഭിച്ചു. പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായാല്‍ മാത്രമേ റവന്യൂവകുപ്പ് അനുവദിച്ച തുക ലഭിക്കുകയുള്ളൂ. അതിനാല്‍ നാട്ടുകാര്‍തന്നെ പണം കണ്ടെത്തിയാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം മനോജ് വടക്കന്‍, ജനകീയ കമ്മിറ്റി ഭാരവാഹികളായ പി.കൃഷ്ണന്‍ നമ്പ്യാര്‍, ബിനോയി കണ്ടത്തില്‍, സജി ആര്യശ്ശേരി തുടങ്ങിയവരാണ് നിര്‍മാണത്തിന് നേതൃത്വം നല്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേമര്‍ കോലുവള്ളി കമ്പിപ്പാലത്തിലൂടെ നിത്യേന കടന്നുപോകുന്നുണ്ട്.
