Crime News

ചന്ദ്രബോസ് കൊലക്കേസ് വിജിലന്‍സ് അന്വേഷണം തുടങ്ങിയില്ല

Posted on: 06 Mar 2015


തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിഷാമിനെതിരെ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഇതുവരെ തുടങ്ങിയില്ല.

ചന്ദ്രബോസിന്റെ വീടു സന്ദര്‍ശിച്ചശേഷമാണ് ഫിബ്രവരി 24ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. നിഷാമിന്റെ മുന്‍കാല കേസുകള്‍ ഒത്തുതീര്‍ന്നതിനെക്കുറിച്ചും ഇതിലെ ഇടപെടലുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇവിടെവച്ചുതന്നെയാണ് ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കുമെന്നും പ്രഖ്യാപിച്ചത്.
എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് പത്തുദിവസം പിന്നിടുമ്പോഴും ഇതില്‍ രണ്ടിലും തീരുമാനമായിട്ടില്ല. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശമോ ഉത്തരവോ വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ചതന്നെ ബന്ധുക്കള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍സ്ഥാനത്തേക്ക് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ നിര്‍ദ്ദേശിച്ച് ഉദയഭാനുവിന്റെ സമ്മതപത്രത്തോടെ ആഭ്യന്തരവകുപ്പിന് അയച്ചിരുന്നു. ബുധനാഴ്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇക്കാര്യത്തിലും ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഫിബ്രവരി 7ന് കേസ് വീണ്ടും പരിഗണനക്കുവരുമ്പോള്‍ ആരായിരിക്കും പ്രോസിക്യൂഷനുവേണ്ടി ഹാജരാകുക എന്ന കാര്യം ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല.

 

 




MathrubhumiMatrimonial