Crime News

ചന്ദനമോഷണം: അഞ്ചുപേര്‍ പിടിയില്‍

Posted on: 06 Mar 2015



മറയൂര്‍:
മറയൂര്‍ വനമേഖലയില്‍നിന്ന് ചന്ദനം സ്ഥിരമായി കടത്തിക്കൊണ്ടിരുന്ന വന്‍ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍.
അമരാവതി വനമേഖലയില്‍ തമിഴ്‌നാട് വനം വകുപ്പ് സ്ഥാപിച്ച ക്യാമറക്കണ്ണില്‍ പതിഞ്ഞ ഒരാളും പിടിയിലായവരില്‍ ഉണ്ട്. ഇവരെ കേരളത്തിന് കൈമാറി.

കാന്തല്ലൂര്‍ റേഞ്ചില്‍ മണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പാളപ്പെട്ടി വനമേഖലയില്‍നിന്ന് ചന്ദമരങ്ങള്‍ വെട്ടിക്കടത്താന്‍ എത്തിയ ഇരുപതംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേരാണ് കേരള-തമിഴ്‌നാട് വനം വകുപ്പിന്റെ പിടിയിലായത്. 15 പേര്‍ രക്ഷപ്പെട്ടു.

തമിഴ്‌നാട്ടുകാരായ തിരുപ്പതി (29), കാളി കെ. (50), എം.വേന്തന്‍ (26), ഗോവിന്ദരാജ് ജി.(26) എന്നിവരെയാണ് തമിഴ്‌നാട് അമരാവതി റേഞ്ച് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച അതിരാവിലെ 6 മണിക്ക് അമരാവതി വനത്തിനുള്ളിലെ തളിഞ്ചികൊണ്ടമാന്‍ ക്ഷേത്രത്തിനു സമീപത്തുവെച്ച് പിടികൂടിയത്. ഇതില്‍ കാളി ചന്ദനം ചുമന്നുകൊണ്ടുപോകുന്ന ചിത്രം ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു.

ബുധനാഴ്ച രാത്രി 2 മണിക്ക് പാളപ്പെട്ടി നോട്ടപ്പാറയില്‍ ചന്ദനം മുറിച്ചുവീഴ്ത്തവേ ശബ്ദം കേട്ട് വനത്തില്‍ കാവലുണ്ടായിരുന്ന വനപാലകര്‍ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും സംഘാംഗങ്ങള്‍ ഓടിരക്ഷപ്പെട്ടു. തിരുപ്പത്തൂര്‍ സ്വദേശിയായ ദൊക്കനും(36) മുറിച്ചുവീഴ്ത്തിയ ചന്ദനത്തടിയും പിടികൂടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വിനീത് വി.പി., ജോസഫ് ജോര്‍ജ്, സബിന്‍ കെ.എസ്., സുനിത് പി.നായര്‍, വാച്ചര്‍മാരായ ബിനോയ്, രാജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ ഡി.എഫ്.ഒ. സാബി വര്‍ഗീസ്, റേഞ്ച് ഓഫീസര്‍മാരായ വിപിന്‍ദാസ്, എം.ജി.വിനോദ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ കെ.വി.രതീഷ്, അജി എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരുന്നു. വെള്ളിയാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial