Crime News

കള്ളപ്പണം ഒളിപ്പിക്കുന്ന ബാങ്കുകള്‍ക്കെതിരെയും നടപടി

Posted on: 05 Mar 2015


ന്യൂഡല്‍ഹി: കള്ളപ്പണം ഒളിപ്പിക്കാന്‍ സഹായിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകും. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കുപുറമേ, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കുമെതിരെ നടപടിക്ക് വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം.

വിദേശത്ത് കള്ളപ്പണമുള്ളവര്‍ക്ക് പത്തുകൊല്ലത്തെ തടവും 300 ശതമാനം പിഴയും വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരുമെന്ന് ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു.

കള്ളപ്പണം സൂക്ഷിക്കാന്‍ സഹായിക്കുന്നവരും നടപടിക്ക് വിധേയമാകുന്നത് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് റവന്യൂ സെക്രട്ടറി ശക്തിന്‍കാന്തദാസ് വ്യക്തമാക്കി. കള്ളപ്പണം സൂക്ഷിക്കുന്നത് വ്യക്തികളാകാം, സ്ഥാപനങ്ങളാകാം. അതിന് സൗകര്യമൊരുക്കുന്നത് സാധാരണയായി ബാങ്കുകളും മറ്റുമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നതിന് എച്ച്.എസ്.ബി.സി. പോലുള്ള ബാങ്കുകള്‍ നടപടി നേരിടുന്ന പശ്ചാത്തലത്തില്‍ പുതിയ നിയമം ശ്രദ്ധേയമാവുകയാണ്.

പുതിയ നിയമത്തിലൂടെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയല്ല ലക്ഷ്യം. എന്നാല്‍, ബാങ്കുകള്‍ ചെറിയതോതിലെങ്കിലും കൂട്ടുനിന്നുവെന്ന് കണ്ടാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകുമെന്ന് റവന്യൂ സെക്രട്ടറി അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളിപ്പെടുത്തുന്നതിനും നികുതി നല്‍കുന്നതിനും പുതിയ നിയമപ്രകാരം പ്രോസിക്യൂഷന്‍ ഒഴിവാക്കുന്നതിനും ഒരവസരം സര്‍ക്കാര്‍ നല്‍കും. പണത്തിന്റെ സ്രോതസ്സും വെളിപ്പെടുത്തേണ്ടിവരും. അത് കര്‍ക്കശമായ പരിശോധനയ്ക്കും വിധേയമാക്കും. ഒറ്റത്തവണ മാത്രമായിരിക്കും ഇതിന് അവസരം. ഹ്രസ്വ സമയത്തേക്കാണ് ഈ അവസരം പരിഗണിക്കുന്നത്.

 

 




MathrubhumiMatrimonial