Crime News

ഷിഹാബ് വധം: മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Posted on: 05 Mar 2015



പാവറട്ടി:
സി.പി.എം. പ്രവര്‍ത്തകനായ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് കേസന്വേഷണച്ചുമതലയുള്ള ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ പറഞ്ഞു.
കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇരുണ്ട നിറത്തിലുള്ള അംബാസിഡര്‍കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് പെരുവല്ലൂരില്‍നിന്നാണ് ഈ കാര്‍ വാങ്ങിയതെന്നും പോലീസ് പറയുന്നു.
ഇവര്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടുകിട്ടാനുണ്ടെന്നും ഇവയെക്കുറിച്ച് വിശദമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനും വിവരങ്ങള്‍ക്കുമായി ചോദ്യംചെയ്തു വരികയാണെന്ന് സി.ഐ. പറഞ്ഞു. ബുധനാഴ്ച വൈകീട്ടോടെ ജില്ലയ്ക്ക് പുറത്തുനിന്നാണ് ഇവര്‍ കസ്റ്റഡിയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, സിഐ കെ. സുദര്‍ശന്‍, ഗുരുവായൂര്‍ എസ്‌ഐ എം. ശശിധരന്‍, പാവറട്ടി എസ്‌ഐ പി.പി. േജായ് എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സ്‌ക്വാഡുകള്‍ വിദഗ്ദ്ധമായി നടത്തിയ സമഗ്ര അന്വേഷണമാണ് പ്രതികള്‍ നാലാംനാള്‍ വലയിലാകാന്‍ കാരണം.
പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഏറെ ആസൂത്രിതമായാണ് പ്രതികള്‍ കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പോലീസ് പറയുന്നു. ഷിഹാബ് പതിവായി ചുക്കുബസാറിലേക്ക് സഞ്ചരിക്കുന്നതും പ്രതികള്‍ നിരീക്ഷിച്ച് വന്നിരുന്നു. സാഹചര്യം ഒത്തുവന്ന ഞായറാഴ്ച രാത്രി ഏഴോടെയാണ് ഇവര്‍ കൃത്യം നടത്തിയത്. ചുക്കുബസാറില്‍ ആക്രമണം നടന്ന സ്ഥലം വൈകുന്നേരങ്ങളില്‍ ഏറെ ജനസഞ്ചാരം കുറഞ്ഞ പ്രദേശവുമാണ്.

 

 




MathrubhumiMatrimonial