
നിഷാം കേസ്: ആക്രമണമേറ്റ സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടു
Posted on: 05 Mar 2015

കൊലപാതകക്കേസിലെ തെളിവാണ് ഈ വസ്ത്രങ്ങള്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചന്ദ്രബോസിന്റെ രക്തം പറ്റിയിരുന്ന വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും ഗുഢാലോചനയുടെ ഫലമായാണോ വസ്ത്രങ്ങള്‍ നശിപ്പിച്ചതെന്ന് വ്യക്തമല്ല. ചന്ദ്രബോസിന്റെ വീട്ടുകാര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ വസ്ത്രങ്ങള്‍ കാണാനില്ലെന്ന കാര്യം മനസ്സിലായത്.
ഇത്തരം കേസുകളില്‍ വസ്ത്രങ്ങള്‍ അധികൃതര്‍ക്കു കൈമാറാറുണ്ടെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. കിട്ടിയില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍, ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ കേസില്‍ നിര്‍ണ്ണായകമല്ലെന്നും ഇതു കേസന്വേഷണത്തെ ബാധിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു. ശക്തമായ തെളിവുകളും സാക്ഷികളും വേറെ ഉണ്ടെന്നതിനാലാണിത്. ആസ്പത്രിയില്‍നിന്നാണോ പോലീസിന്റെ കൈയില്‍നിന്നാണോ ഇത് നഷ്ടപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്നും ഇവര്‍ പറഞ്ഞു.
