Crime News

സര്‍ക്കാര്‍വാഹനം ഇടിച്ച് മരിച്ച അഭിഭാഷകന്റെ കുടുംബത്തിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം

Posted on: 05 Mar 2015


പത്തനംതിട്ട: വാഹനാപകടത്തില്‍ മരണമടഞ്ഞ അഭിഭാഷകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന പന്തളം കുളനട മാന്തുക ചിറവരമ്പില്‍ അഡ്വ. തോമസ് മാത്യുവിന്റെ കുടുംബത്തിന് 80 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ടി.വി.അനില്‍കുമാര്‍ ഉത്തരവിട്ടു.

അഡ്വ. തോമസ് മാത്യുവിന്റെ ഭാര്യ സോജി ചെറിയാനും മാതാപിതാക്കളും ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് 46,76,000 നഷ്ടപരിഹാരമായും 2,76,000 രൂപ കോടതിച്ചെലവിനത്തിലും ഒമ്പതു ശതമാനം പലിശയും ചേര്‍ത്ത് 80,00,000 രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി ഉത്തരവിട്ടത്.

ജില്ലാ കളക്ടറുടെ ഉടമസ്ഥതയിലുള്ള കോഴഞ്ചേരി തഹസില്‍ദാരുടെ ഔദ്യോഗിക വാഹനമായ ജീപ്പ് തഹസില്‍ദാര്‍ യാത്ര ചെയ്യവേ 2007 ആഗസ്ത് 29ന് കോഴഞ്ചേരി-പത്തനംതിട്ട റോഡില്‍ ഇലന്തൂര്‍ പാലച്ചുവട് ജങ്ഷനില്‍ വെച്ച് അഡ്വ. തോമസ് മാത്യുവിന്റെ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.

നഷ്ടപരിഹാരത്തുക കേരള സംസ്ഥാന ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു മാസത്തിനുള്ളില്‍ പത്തനംതിട്ട എം.എ.സി.ടി. കോടതിയില്‍ കെട്ടിവെയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അഡ്വ. തോമസ് മാത്യുവിന്റെ കുടുംബത്തിനുവേണ്ടി അഡ്വ. പ്രശാന്ത് വി.കുറുപ്പ്, അഡ്വ. ജയ സ്‌കറിയ എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial