Crime News

ചിട്ടി തട്ടിപ്പ്: ഇടപാടുകാര്‍ക്ക് നഷ്ടമായത് രണ്ടുകോടിയിലേറെ

Posted on: 05 Mar 2015


ശ്രീകണ്ഠപുരം: അനിവാര്യ ചിട്ടിഫണ്ട് തട്ടിപ്പില്‍ മലയോരത്തെ ഇടപാടുകാര്‍ക്ക് രണ്ടുകോടിയിലേറെ രൂപ നഷ്ടമായി. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ 5,000 മുതല്‍ അഞ്ചുലക്ഷംവരെ കിട്ടാനുള്ളവരാണ് ഭൂരിഭാഗംപേരും. ഏറ്റവും ഒടുവില്‍ പൊട്ടിയ ശ്രീകണ്ഠപുരം ബ്രാഞ്ചില്‍മാത്രം നൂറിലേറെപ്പേര്‍ പോലീസില്‍ പരാതിനല്കിയിട്ടുണ്ട്.

മാനന്തവാടി തിരുവണ പോസ്റ്റോഫീസ് പരിധിയിലെ ചങ്ങാടന്‍കടവ് സ്വദേശി ചങ്ങരാത്ത് ഹൗസില്‍ സി.നന്ദീഷാണ് ചിട്ടിസ്ഥാപനത്തിന്റെ ഉടമ. ഇയാള്‍ ഒളിവിലാണെന്നും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണെന്നുമാണ് പോലീസിനുകിട്ടിയ വിവരം. എന്നാല്‍, ഇയാള്‍ വയനാട് വിട്ടിട്ടില്ലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ചിട്ടി ആക്ട് പ്രകാരം സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ റജിസ്റ്റര്‍ചെയ്ത് നടത്തേണ്ട ചിട്ടികള്‍ക്കുപകരം അനധികൃതമായാണ് എല്ലാ ബ്രാഞ്ചുകളിലും ചിട്ടികള്‍ നടത്തിയിരുന്നത്. ശ്രീകണ്ഠപുരം, ആലക്കോട്, ചെറുപുഴ, പരപ്പ, കേളകം എന്നിവിടങ്ങളില്‍ സ്ഥാപനത്തിന് ശാഖകളുണ്ടായിരുന്നു. എല്ലാ ശാഖകളും ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. ഇടപാടുകാര്‍ക്ക് നല്കിയ പാസ് ബുക്കുകളിലെല്ലാം ചിറ്റാളിന്റെ പേരായി നന്ദീഷിന്റെ പേരാണ് നല്കിയിട്ടുള്ളത്.

മലയോരപ്രദേശങ്ങളിലെ പാവപ്പെട്ട കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. ഓരോ പ്രദേശത്തുനിന്നും ജീവനക്കാരായി തൊഴില്‍രഹിതരായ യുവതികളെ നിയമിക്കുകയും ഇവര്‍മുഖേന നാട്ടുകാരെ ചിട്ടികളില്‍ ചേര്‍ക്കുകയുമായിരുന്നു.
കേളകം, ചെറുപുഴ, ആലക്കോട്, പരപ്പ ബ്രാഞ്ചുകള്‍ പൂട്ടിയിട്ടും ശ്രീകണ്ഠപുരം ശാഖ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ശ്രീകണ്ഠപുരം ശാഖ നടത്തിപ്പിനുള്ള അവകാശം നിടുങ്ങോം സ്വദേശിയായ ജിതേഷ് എന്നായള്‍ക്ക് നല്കിയിരുന്നതായും ഇയാള്‍ മുങ്ങിയതായും ശ്രീകണ്ഠപുരം ഓഫീസിലെ ജീവനക്കാര്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചമുതല്‍ ശ്രീകണ്ഠപുരം ഓഫീസും അടച്ചിരിക്കുകയാണ്.

ചിട്ടി സ്ഥാപനം പൂട്ടിയതറിഞ്ഞ് മലയോരത്തെ വിവിധ പ്രദേശങ്ങളില്‍നിന്ന് നിരവധിപേര്‍ ബുധനാഴ്ചയും ഇവിടെയെത്തിയിരുന്നു. ശ്രീകണ്ഠപുരം സി.ഐ. ഓഫീസിലും സ്റ്റേഷനിലും പരാതിനല്കി മടങ്ങുകയാണ് ഇടപാടുകാര്‍.

 

 




MathrubhumiMatrimonial