Ramzan Banner

പാപമോചന പ്രാര്‍ത്ഥനകളുമായി രണ്ടാമത്തെ പത്ത്‌

Posted on: 01 Sep 2009

ഹംസ റഹ്മാനി കൊണ്ടിപറമ്പ്‌



വിശുദ്ധവ്രതമാസം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. പാപമോചനവും അതിനുവേണ്ടിയുള്ള അര്‍ത്ഥനകളുമാണ് ഇനിയുള്ള ദശദിനരാത്രങ്ങളില്‍. റംസാനിന്റെ രണ്ടാമത്തെ പത്ത് പാപമുക്തിയുടേതാണെന്ന തിരുവചനമാണിതിന്റെ നിദാനം. 'ലോകരക്ഷിതാവേ, എന്റെ പാപങ്ങള്‍ നീ മാപ്പാക്കണേ' എന്നര്‍ത്ഥം വരുന്ന പ്രാര്‍ത്ഥനാവചനങ്ങള്‍ ഈ അവസരത്തില്‍ വിശ്വാസികള്‍ ധാരാളമായി ചൊല്ലുന്നു.

എന്നാല്‍, കേവല അധരവ്യായാമങ്ങള്‍കൊണ്ട് ലഭിക്കുന്നതല്ല ദോഷമുക്തി. ശബ്ദമുയര്‍ത്തിയ വൈകാരികപ്രകടനങ്ങള്‍കൊണ്ടും കാര്യമില്ല. പ്രപഞ്ചനാഥനും പരിപാലകനുമായ അല്ലാഹുവിന്റെ അസ്തിത്വവും യജമാനത്വവും അംഗീകരിച്ച് ഉത്തമദാസരായി ജീവിക്കേണ്ടുന്ന മനുഷ്യരില്‍നിന്ന് അറിഞ്ഞോ അല്ലാതെയോ ഉണ്ടാകുന്ന വീഴ്ചകളും അതിര്‍ലംഘനവുമാണ് ദൈവത്തോട് ചെയ്യുന്ന തെറ്റുകള്‍.

ദൈവികകല്പനകളെയോ വിലക്കുകളെയോ അവഗണിച്ചും സഹജീവികളുമായി ക്രമരഹിതമായി ബന്ധപ്പെട്ടും പാപങ്ങള്‍ പിറവിയെടുക്കാം.
തെറ്റുകള്‍ ഏതു തരത്തിലുള്ളതാണെങ്കിലും അവയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കെ നടത്തുന്ന പാപമോചന പ്രാര്‍ത്ഥനകള്‍ വ്യര്‍ത്ഥമാണെന്നാണ് ഇസ്‌ലാം മത വീക്ഷണം. അതുകൊണ്ടുതന്നെ, പാപവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ചും ആവര്‍ത്തിക്കില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്തും നിര്‍വ്യാജം ഖേദിച്ചുമാണ് ദോഷമുക്തി തേടേണ്ടതെന്ന് മതപണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. സഹജീവികളുമായി ബന്ധപ്പെട്ട തെറ്റാണെങ്കില്‍ അവര്‍ പൊറുക്കുന്നതിലൂടെ മാത്രമേ ദൈവം മാപ്പാക്കൂ എന്നും പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തുന്നു.

ദൈവത്തിന് ഏറെ സന്തോഷം പകരുന്ന കര്‍മങ്ങളില്‍ ഒന്നായാണ് നബിതിരുമേനി പശ്ചാത്താപത്തെ വിലയിരുത്തിയത്. വിജനമായ മരുഭൂമിയില്‍ വഴിതെറ്റിപ്പോയ ഒട്ടകത്തെ അവിചാരിതമായി കണ്ടെത്താനാകുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന ആഹ്ലാദത്തേക്കാള്‍ മികച്ച സന്തോഷമായിരിക്കും തന്റെ അടിമയുടെ പശ്ചാത്താപത്തെ തുടര്‍ന്ന് അല്ലാഹുവിനുണ്ടാവുകയെന്ന തിരുവചനം ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.



MathrubhumiMatrimonial