Crime News

എല്‍.എസ്.ഡി. നല്‍കുന്നത് ഒരു ദിവസത്തെ മയക്കം

Posted on: 04 Mar 2015


തൃപ്രയാര്‍: ബെംഗളൂരുവിലോ ഗോവയിലോ പഠിക്കുന്ന കുട്ടികള്‍ നാട്ടില്‍ വന്നാല്‍ ദിവസം മുഴുവന്‍ ക്ഷീണമെന്ന് പറഞ്ഞ് കിടക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. അവര്‍ ഒരുപക്ഷെ മയക്കുമരുന്നിലെ ആധുനികനായ എല്‍.എസ്.ഡി.യുടെ അടിമയാകാം.

എടമുട്ടത്തുനിന്ന് പോലീസിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയ വിനീഷില്‍നിന്ന് കണ്ടെടുത്ത എല്‍.എസ്.ഡി. സ്റ്റാമ്പ് പോലീസിനും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ എല്‍.എസ്.ഡി. നേരത്തേയും പിടിച്ചിട്ടുണ്ടെങ്കിലും 30 എണ്ണം പിടികൂടുന്നത് ആദ്യമായാണ്. രണ്ടു സെന്റീമീറ്റര്‍ നീളവും വീതിയുമുള്ള സ്റ്റാമ്പില്‍ മൂന്ന് പാളികളായാണ് മയക്കുമരുന്ന് വെയ്ക്കുന്നത്. അടിയിലേയും മുകളിലേയും പാളികള്‍ ഉരച്ചുമാറ്റാം. നടുവിലെ പാളിയിലാണ് അര സെന്റീമീറ്ററോളം വലിപ്പത്തില്‍ എല്‍.എസ്.ഡി.യുണ്ടാകുക. ഇത് നാവില്‍ ഒട്ടിച്ചുവെച്ചാല്‍ 24 മണിക്കൂര്‍ ലഹരി ലഭിക്കും.

ബെംഗളൂരുവിലും ഗോവയിലും പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ഈ മയക്കുമരുന്നിന്റെ അടിമകളാണെന്നത് പോലീസിനെപ്പോലും ഞെട്ടിച്ചു.

എടമുട്ടത്തുനിന്ന് പോലീസ് പിടിയിലായ വിനീഷ് പോലീസിനോട് പറഞ്ഞത് എല്‍.എസ്.ഡി. യൂറോപ്പില്‍ നിന്നും ഹാഷീഷ് അഫ്ഘാനിസ്ഥാനില്‍ നിന്നുമാണ് ലഭിക്കുന്നതെന്നാണ്. വിനോദയാത്ര പോകുന്ന വിദ്യാര്‍ത്ഥികളാണ് എല്‍.എസ്.ഡി. സ്റ്റാമ്പ് ഉപയോഗിക്കുന്നവരില്‍ അധികവും.

എല്‍.എസ്.ഡി. കേരളത്തിലേയ്ക്ക് കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

 

 




MathrubhumiMatrimonial