Crime News

ഷിഹാബ് വധം: അക്രമിസംഘം സംസ്ഥാനം വിട്ടെന്ന് സൂചന

Posted on: 04 Mar 2015


സംഘം വന്ന അംബാസഡര്‍ കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു

അന്വേഷണത്തിന് നാല് സ്‌ക്വാഡുകള്‍


പാവറട്ടി: സി.പി.എം. നേതാവ് ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമിസംഘം സംസ്ഥാനം വിട്ടതായി പോലീസിന് സൂചന ലഭിച്ചു. നാലുപേരാണ് അക്രമിസംഘത്തിലുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിസംഘം വന്ന അംബാസഡര്‍ കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു. പ്രതികള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം നാല് സ്‌ക്വാഡുകളായാണ് പോലീസ് കേസന്വേഷിക്കുന്നത്. ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍ പിള്ള, സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്‌ഐ പി.പി. ജോയ്, ഗുരുവായൂര്‍ എസ്‌ഐ എം. ശശിധരന്‍, പത്തോളം പോലീസുകാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. നിഴല്‍ പോലീസ് സംഘവും അന്വേഷണരംഗത്തുണ്ട്.

ഷിഹാബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലീസ് സര്‍ജന്‍ കെ.എസ്. രാഖിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചുക്കുബസാറിലെ സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു.ഷിഹാബിന്റെ ശരീരത്ത് ബൈക്കില്‍നിന്ന് വീണതിന്റെ പരിക്ക് ഉണ്ടായിരുന്നില്ല. വീണത് പുല്ലിലായതിനാലാണ് ഇതെന്നാണ് നിഗമനം.തലയ്ക്ക് ഏറ്റ മാരക മുറിവാണ് മരണകാരണം.

ഷിഹാബിന്റെ സുഹൃത്തും തിരുനെല്ലൂര്‍ സ്വദേശിയുമായ ബൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

 

 




MathrubhumiMatrimonial