goodnews head

ഫൈനലില്‍ ചേങ്ങോട്ടൂരിന് ഒറ്റഗോള്‍ ജയം; ഇനിയൊരുങ്ങാം കല്യാണത്തിന്‌

Posted on: 04 Mar 2015



കോട്ടയ്ക്കല്‍: കാണികളുടെ ആവേശവും സ്‌നേഹവും തന്നെയാണ് ഫൈനലിലും കാവതികളത്തിന് അതിരിട്ടത്.
ആരു ജയിച്ചെന്നോ തോറ്റെന്നോ ഓര്‍ക്കാതെ കാവതികളം മുഴുവന്‍ ഫൈനല്‍ വിസില്‍നാദത്തിനൊപ്പം എഴുന്നേറ്റുനിന്നു കൈയടിച്ചു. അതേസമയത്ത് ആ പെണ്‍കുട്ടികളുടെ കണ്ണുകളും അറിയാതെ നനഞ്ഞിരിക്കണം. കാരണം അവരുടെ കല്യാണക്കനവുകള്‍ക്ക് കിക്കോഫാകുന്നത് ഈ ഫൈനല്‍ വിസില്‍നാദത്തിലാണ്.

പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്താന്‍ സംഘടിപ്പിച്ച കാവതികളം ജനകീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ചൊവ്വാഴ്ച രാത്രിയാണ് ഫൈനല്‍ വിസിലായത്. ഫൈനലില്‍ റെന്റ് എ കാര്‍ ചേങ്ങോട്ടൂര്‍ ഏകപക്ഷീയമായ ഒരുഗോളിന് ടൗണ്‍ ടീം ഈസ്റ്റ് കോഡൂരിനെ തോല്പിച്ച് ജേതാക്കളായി.

രണ്ടാംപകുതിയില്‍ നൈജീരിയന്‍ താരം ഉഷോയാണ് നിര്‍ണായകഗോള്‍ നേടിയത്. 32 ടീമുകളാണ് കാവതികളം ജനകീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഫൈനല്‍ കാണാന്‍ നൂറുകണക്കിന് ജനങ്ങളാണ് ചൊവ്വാഴ്ച രാത്രി കാവതികളത്തേക്ക് ഒഴുകിയെത്തിയത്.

ഫൈനലിലെ വരുമാനംകൂടി തിട്ടപ്പെടുത്തിയശേഷം നേരത്തെ പ്രഖ്യാപിച്ചതുപോലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിനുള്ള തുക നല്‍കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. വരുമാനത്തില്‍ ഒരുപങ്ക് പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായമായി നല്‍കാനും ആലോചനയുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്താനായി ജനകീയസമിതി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ച് കഴിഞ്ഞദിവസം 'മാതൃഭൂമി'യില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തവായിച്ച് ഒരുപാടുപേര്‍ ഫൈനല്‍ കാണാനെത്തിയതായി സംഘാടകര്‍ പറഞ്ഞു.

ഫൈനലില്‍ കോട്ടയ്ക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.വി. സുലൈഖാബി, കേരള വനിതാഫുട്‌ബോള്‍ ക്യാപ്റ്റന്‍ സി. ജിബിഷ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. കെ.എച്ച് ഗ്രൂപ്പ് എം.ഡി കുണ്ടില്‍ ഹൈദര്‍ഹാജി, ഒ.കെ ഗ്രൂപ്പ് ഉടമ നാസര്‍, സംഘാടകസമിതി കണ്‍വീനര്‍ തൈക്കാട്ട് മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial