goodnews head

വിദ്യാര്‍ഥികള്‍ വഴികാണിച്ചു; 'നന്മ' രണ്ടാം വര്‍ഷത്തിലേക്ക്‌

Posted on: 04 Mar 2015


കോഴിക്കോട്: വീടും കിടപ്പാടവുമില്ലാത്ത സഹപാഠിക്ക് സ്വന്തം ഭൂമിയുടെ ഭാഗം മുറിച്ചുകൊടുത്ത എം.എച്ച്. ഗിരീഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥി, സിലിക്കോസിസ് രോഗം ബാധിച്ച ഗ്രാമീണര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന തൈക്കാട്ടുശ്ശേരി എം.ഡി.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍, കൊയിലാണ്ടി താലൂക്ക് ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന നടേരി കാവുംവട്ടം യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍. വെണ്ടാറിനെ കേരളത്തിലെ ആദ്യ രക്തസാക്ഷരഗ്രാമമാക്കിയ വിദ്യാധിരാജാ സ്‌കൂളിലെ സംഘം. വിദ്യാര്‍ഥികളിലെ നന്മയുടെ പ്രകാശത്തില്‍ സമൂഹം വഴിനടക്കുകയാണ്. അതിന് അവരെ സജ്ജരാക്കിയും പ്രോത്സാഹിപ്പിച്ചും മാതൃഭൂമി വിദ്യ-വി.കെ.സി.ജൂനിയര്‍ നന്മ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.

വിദ്യാര്‍ഥികള്‍ കുറ്റകൃത്യങ്ങളിലേക്കും ലഹരിയിലേക്കും വഴിതെറ്റുന്ന കാലത്താണ് 'നന്മ' സേവനത്തിന്റെ അപൂര്‍വ മാതൃകയാവുന്നത്. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ 6754 സ്‌കൂളുകള്‍ നന്മയില്‍ അംഗങ്ങളായി. ഓരോ സ്‌കൂളിലും 30 മുതല്‍ 50 വരെ കുട്ടികള്‍ അംഗങ്ങളായ നന്മ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു.

'ഒപ്പമുള്ളവരോടൊപ്പം', 'കാഴ്ച', 'സാന്ത്വനം', 'നെല്ലിക്ക', 'കവചം', 'മുന്‍നടത്തം', 'പിന്‍മടക്കം' തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നന്മയുടെ കുട്ടികള്‍ നിശ്ശബ്ദമായി സമൂഹത്തില്‍ ചെയ്യുന്നു.

സഹപാഠികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുക, രോഗികള്‍ക്ക് പണമായും മരുന്നായും ചികിത്സയായും സഹായമെത്തിക്കുക, പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുക, ഒപ്പമുള്ളവരെ അക്ഷരങ്ങളിലേക്കും നല്ല ചിന്തകളിലേക്കും നയിക്കുക, ലഹരിയുടെ ഭീകരലോകത്തെക്കുറിച്ച് ബോധവത്കരണം നടത്തുക, പ്രകൃതിയുടെ കാവലാളാവുക തുടങ്ങിയവയെല്ലാം നന്മയുടെ സേവനങ്ങളില്‍പ്പെടുന്നു.
ഒരു വര്‍ഷംകൊണ്ട് 1993 സല്‍ക്കര്‍മങ്ങള്‍ ഇതിനകം നന്മ ചെയ്തുകഴിഞ്ഞു. വി.കെ.സി.ഗ്രൂപ്പുമായിച്ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിവരുന്നത്. 40ലക്ഷം രൂപ വിവിധ സേവനങ്ങള്‍ക്കായി ചെലവഴിച്ചു. 12 പേര്‍ക്ക് വീട് വെച്ചുകൊടുത്തു.

നന്മയുടെ ഒന്നാം വാര്‍ഷികവും അതിലെ പങ്കാളികള്‍ക്കുള്ള സമ്മാനദാനവും വ്യാഴാഴ്ച കോഴിക്കോട്ട് നടക്കും. വൈകിട്ട് 4-ന് കെ.പി. കേശവമേനോന്‍ ഹാളില്‍ നന്മയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മുഖ്യാതിഥി. സാമൂഹികപ്രവര്‍ത്തക ഉമാപ്രേമന്‍, കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ എം.വി. ശ്രേയാംസ് കുമാര്‍ , വി.കെ.സി. ഗ്രൂപ്പ് മേധാവി വി.കെ.സി. മമ്മദ്‌കോയ എന്നിവര്‍ പങ്കെടുക്കും.






 

 




MathrubhumiMatrimonial