Crime News

വാഹനങ്ങളുടെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്; ഇടനിലക്കാരന്‍ പിടിയില്‍

Posted on: 04 Mar 2015


ഒറിജിനലിനെ വെല്ലുന്ന വ്യാജനുമായി തട്ടിയത് ലക്ഷങ്ങള്‍


രിന്തല്‍മണ്ണ: വാഹനങ്ങളുടെ വ്യാജരേഖകള്‍ നിര്‍മിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നല്‍കി ലക്ഷങ്ങള്‍തട്ടിയ സംഘത്തിലെ ഇടനിലക്കാരന്‍ പിടിയില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി മരുതഞ്ചേരി മാഞ്ചേരി മുഹമ്മദ്ബഷീറാണ് (44) പിടിയിലായത്.

പെരിന്തല്‍മണ്ണയിലെ വാഹന ഇടപാട് സ്ഥാപനത്തില്‍ കാറിന്റെ ആര്‍.സി ബുക്ക് നല്‍കി രണ്ടരലക്ഷംരൂപ ഇവര്‍ വാങ്ങിയിരുന്നു. തിരിച്ചടവില്ലാത്തതിനെത്തുടര്‍ന്ന് സ്ഥാപനം പോലീസില്‍നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് തട്ടിപ്പ് പുറത്തെത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മേലാറ്റൂരില്‍ വിവാഹബ്യൂറോ നടത്തുന്ന പ്രതി വാഹനബ്രോക്കറിങ്ങിലൂടെ വലിയപറമ്പ് സ്വദേശിയെ പരിചയപ്പെട്ടു. ഇയാള്‍മുഖേന പാണ്ടിക്കാട്ടുള്ള ട്രാവല്‍സില്‍ വരുന്ന വാഹനങ്ങളുടെ ഒറിജിനല്‍ ആര്‍.സികള്‍ നല്‍കി അതേവിലാസത്തിലും വിലാസംമാറ്റിയും വ്യാജ ആര്‍.സികളുണ്ടാക്കി. വ്യാജരേഖകള്‍ ഉപയോഗിച്ച് ഇരുവരുംചേര്‍ന്ന് ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പ തരപ്പെടുത്തി.

തിരിച്ചടവില്ലാതെവരുമ്പോള്‍ സ്ഥാപനക്കാര്‍ വാഹനത്തെക്കുറിച്ചുനടത്തുന്ന അന്വേഷണത്തില്‍ വാഹനം ഒറിജിനല്‍രേഖകള്‍ കൈവശംവെച്ച് മറ്റുള്ളവര്‍ ഉപയോഗിക്കുന്നുണ്ടാകും. അതിനാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് കഴിയാത്തത് സംഘത്തിന് തുണയായി.

മുഖ്യപ്രതികള്‍ വാഹനരേഖകള്‍ക്കുപുറമെ പഞ്ചായത്ത്, വില്ലേജ്, റജിസ്‌ട്രേഷന്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഡിവൈ.എസ്.പി പി.എം. പ്രദീപ്, സി.ഐ കെ.എം. ബിജു, എസ്.ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial