Crime News

ഓപ്പറേഷന്‍ സുരക്ഷ: ഒരാഴ്ചയ്ക്കുള്ളില്‍ 8667 പേര്‍ അറസ്റ്റില്‍

Posted on: 04 Mar 2015


തിരുവനന്തപുരം: അക്രമികളെയും സമൂഹവിരുദ്ധരെയും ഗുണ്ടകളെയും അമര്‍ച്ചചെയ്യാന്‍ ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 8667 പേര്‍. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പ്രധാന കേസുകള്‍ കണ്ടെത്തി അവയുടെ കുറ്റപത്രം കാലതാമസമില്ലാതെ സമര്‍പ്പിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാപ്പ നിയമപ്രകാരവും ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായ ഗുണ്ടകള്‍ ഉള്‍പ്പെടെ 974 പേര്‍ പിടിയിലായി. അക്രമം, വധശ്രമം, കൊലപാതകം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് 245 ഗുണ്ടകള്‍ അറസ്റ്റിലായതായും മന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം മുങ്ങിനടന്നവരും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് പ്രകാരം കേസെടുത്ത 158 പേരും അബ്കാരി ആക്ട്, ലഹരിവസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 235 പേരും അറസ്റ്റിലായി. ട്രാഫിക് കേസുകളിലൊഴികെ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള 6081 പ്രതികളെ ഇക്കാലയളവില്‍ അറസ്റ്റുചെയ്തു. കവര്‍ച്ച, മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 213 പേര്‍ പിടിയിലായി. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 37 പേര്‍ക്കെതിരെ നടപടി ആരംഭിച്ചു. കാപ്പ പ്രകാരം റേഞ്ച് ഐ.ജിമാര്‍ നാലുപേര്‍ക്കെതിരെ നടപടി ആരംഭിച്ചു. കാപ്പ ആക്ട് സെക്ഷന്‍ 3 പ്രകാരം 34 പേര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ തീരുമാനത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

തിങ്കളാഴ്ച മാത്രം ഓപ്പറേഷന്‍ സുരക്ഷ പ്രകാരം സംസ്ഥാനത്താകെ 883 പേര്‍ അറസ്റ്റിലായി.

തൃശ്ശൂരില്‍ ചന്ദ്രബോസ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ ഒരു കാരണവശാലും മാറ്റില്ല. കേസില്‍ നടപടി ശക്തമാക്കുന്നതിന് സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. പേരാമംഗലം സി. ഐക്കെതിരെ ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം പരിശോധിക്കാം. ബാര്‍ കോഴ കേസില്‍ ബജറ്റിന് മുമ്പ് മന്ത്രി മാണിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടോ മുഖ്യമന്ത്രിയോടോ ആവശ്യം ഉന്നയിച്ചിട്ടില്ല. ആ കേസില്‍ വിജിലന്‍സ് അന്വേഷണം ശരിയാംവണ്ണം നടക്കുന്നുണ്ട്-മന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷാവാരം
ഏഴുമുതല്‍ 14 വരെ

തിരുവനന്തപുരം:
ജനമൈത്രി പോലീസിന്റെ അഭിമുഖ്യത്തില്‍ ഏഴു മുതല്‍ 14 വരെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്ത്രീ സുരക്ഷാവാരമായി ആചരിക്കും. എല്ലാ ബീറ്റ് ഓഫീസര്‍മാരും തങ്ങളുടെ അതിര്‍ത്തിയില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരും പ്രായമായവരുമായ സ്ത്രീകളെ സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശവും പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ നമ്പറുകളും നല്‍കും.
തീവണ്ടികളിലെ വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ വിതരണം ചെയ്യും. 14 ന് സംസ്ഥാനതല സ്ത്രീ സുരക്ഷാ സെമിനാര്‍ സംഘടിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

 

 




MathrubhumiMatrimonial