
പാറമടയില്‍നിന്നുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു
Posted on: 04 Mar 2015
മുണ്ടേങ്ങര: വനം റവന്യു സംയുക്ത സര്‍വേയില്‍ നിക്ഷിപ്ത വനഭൂമിയിലെന്ന് കണ്ടെത്തിയ പാറമട പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. മുണ്ടേങ്ങരയിലാണ് പ്രതിഷേധം നടന്നത്. ഒരു സംഘമാളുകള്‍ ചൊവ്വാഴ്ചരാവിലെ സ്ഥലത്തെത്തി പാറമടയില്‍നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞത്. എടവണ്ണ സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പി. അസൈനിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. രണ്ടുവാഹനങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജിയോളജി വകുപ്പില്‍നിന്നും മറ്റുമുള്ള രേഖകള്‍ ഹാജരാക്കാത്തതിനാല്‍ വാഹനങ്ങള്‍ക്ക് അരലക്ഷം രൂപ പിഴ ചുമത്തിയതായി എസ്.ഐ. എന്‍.പി. അസൈന്‍ പറഞ്ഞു.
ഭൂരഹിതരുടെ സംഗമം
കരുളായി: കരുളായി വില്ലേജോഫീസിലേക്ക് മാര്‍ച്ചു നടത്താന്‍ കരുളായി പഞ്ചായത്തിലെ ഭൂരഹിതരുടെ സംഗമം തീരുമാനിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്തു കമ്മിറ്റിയാണ് ഭൂരഹിതരുടെ സംഗമം സംഘടിപ്പിച്ചത്. പാസ്റ്റര്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വി.പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ജനമൈത്രി പോലീസിന് ആദരം
കരുവാരക്കുണ്ട്: കോളേജ് വിദ്യാര്‍ത്ഥിനിയെ പൊതുവഴിയില്‍ അപമാനിക്കാന്‍ ശ്രമിച്ച് കര്‍ണാടകത്തിലേക്ക് മുങ്ങിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയ പോലീസിന് പി.ടി.എ. യുടെയും വിദ്യാര്‍ഥികളുടെയും ആദരം.
നളന്ദ കോളേജ് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് കരുവാരക്കുണ്ട് പോലീസിനെ ആദരിച്ചത്. പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ് കുമാര്‍, കരുവാരക്കുണ്ട് എസ്.ഐ എ. അലവിക്കുട്ടി, എ.എസ്.ഐ കെ.സി. മത്തായി, സെബാസ്റ്റ്യന്‍ രാജേഷ്, മോഹന്‍ദാസ് എന്നിവര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ ആയിഷ ഉപഹാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ എ. പ്രഭാകരന്‍, പി.ടി.എ. പ്രസിഡന്റ് കെ. മൊയ്തീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒറ്റയാന്‍ വിളനശിപ്പിച്ചു
കരുളായി: നാട്ടിലിറങ്ങിയ ഒറ്റയാന്‍ കൃഷിനശിപ്പിച്ചു. പാലാങ്കര പഴമ്പിള്ളില്‍ പുന്നൂസിന്റെ 15 വാഴകള്‍, ഒരുതെങ്ങ്, കൃഷി നനയ്ക്കുന്നതിന് നിര്‍മിച്ച കിണര്‍, ജലസേചന പൈപ്പുകള്‍ എന്നിവയാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടിനോടുചേര്‍ന്നുള്ള വാഴനശിപ്പിക്കുമ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ഒറ്റയാനെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.
