
രാജശേഖരന്റെ അരുമയ്ക്ക് ചികിത്സയെത്തി; സഹായിക്കാന്‍ നിരവധിപേര്‍
Posted on: 03 Mar 2015

പാലക്കാട്: തെരുവില്‍ കുപ്പപെറുക്കിവിറ്റ് ജീവിതംതള്ളിനീക്കുന്ന രാജശേഖരന്റെ അരുമ നായയ്ക്ക് ചികിത്സ നല്‍കാന്‍ മനസ്സില്‍ കരുണവറ്റാത്ത ഒരുകൂട്ടം മനുഷ്യരെത്തി. പാലക്കാട് പൂത്തൂര്‍ കൃഷ്ണകണാന്തി കോളനിയിലെ മൈതാനത്ത് ഉറ്റവരില്ലാതെ പരസ്പരം സ്‌നേഹംപങ്കിട്ട് ജിവിക്കുന്ന രാജശേഖരനും അയാള്‍ വളര്‍ത്തുന്ന തെരുവുനായയ്ക്കും മാതൃഭൂമിവായനക്കാരാണ് സഹായവുമായെത്തിയത്.
വാഹനമിടിച്ച് നടുവൊടിഞ്ഞ നായയെ പോറ്റാനും ശുശ്രൂഷിക്കാനും കുടെയിരിക്കുന്ന രാജശേഖരന്റെ നന്മയാണ് ആളുകളുടെ മനസ്സലിയിച്ചത്. എഴുന്നേല്‍ക്കാന്‍വയ്യാത്ത നായയ്ക്ക് ഭക്ഷണംകൊടുക്കുന്നതും വെയിലുംമഴയുംകൊള്ളാതെ സംരക്ഷിക്കുന്നതും രാജശേഖരനാണ്. ഇവരുടെ അപൂര്‍വമായ സ്‌നേഹബന്ധവും നിസ്സഹായതയും മാതൃഭൂമിയില്‍ വായിച്ചറിഞ്ഞ് എ.ഡി.എം. യു. നാരായണന്‍കുട്ടി, ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസര്‍ ഡോ. ടി.ആര്‍. ഗിരിജയെ ഫോണില്‍വിളിച്ച് നായയ്ക്ക് ചികിത്സനല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, അവരുടെ നിര്‍ദേശപ്രകാരം വെറ്ററിനറി സര്‍ജന്‍ ഡോ. ജോജു ഡേവിസാണ് മൈതാനത്തുകിടക്കുന്ന നായയ്ക്ക് മരുന്നും ഇന്‍ജക്ഷനും നല്‍കിയത്.
ഇതിനിടെ രാജശേഖരന്റെകഥ പുറംലോകത്തെ അറിയിച്ച കോളനിനിവാസിയായ പി. പ്രേംനാഥ് എസ്.പി.സി.എ. ഇന്‍സ്‌പെക്ടര്‍ നാരായണന്‍കുട്ടിയെ വരുത്തിയിരുന്നു. ഡോക്ടറെത്തിയതോടെ സഹായിക്കാന്‍ പരിസരവാസികളും ചേര്‍ന്നു.
നട്ടെല്ലും കാലും ഒടിഞ്ഞ നായയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. പരിശോധനയുമായി പൂര്‍ണമായി സഹകരിച്ച തെരുവുനായ രാജശേഖരന്‍ പറയുന്നതൊക്കെ അനുസരിച്ചത് ഡോക്ടര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമുണ്ടാക്കി. തത്കാലം വേദനസംഹാരികളാണ് നായയ്ക്ക് കൊടുത്തത്. ചൊവ്വാഴ്ച രാവിലെ വെറ്ററിനറി ആസ്പത്രിയില്‍ ജീപ്പില്‍ കൊണ്ടെത്തിക്കാമെന്ന് പരിസരത്തെ വര്‍ക്ഷോപ്പുകാര്‍ ഏറ്റിട്ടുണ്ട്. മരുന്നുവാങ്ങാന്‍ കൃഷ്ണകണാന്തി കോളനിക്കാര്‍ സന്നദ്ധരായി മുന്നോട്ടുവന്നു. പത്രവാര്‍ത്തകണ്ട് ഹൈദരാബാദിലുള്ള ഒരു മൃഗക്ഷേമസംഘടന മാതൃഭൂമിയുമായി ബന്ധപ്പെട്ട് നായയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ചു. നായയുടെ പരിചരണത്തിന് പാലക്കാട്ടുള്ള വളണ്ടിയര്‍മാര്‍ തയ്യാറാണെന്നാണ് സംഘടനയുടെ പ്രതിനിധി പ്രദീപ്‌നായര്‍ അറിയിച്ചത്. ചൊവ്വാഴ്ച ആസ്പത്രിയിലെത്തിച്ച് വിശദമായ പരിശാധനനടത്തി ചികിത്സ നല്‍കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
കരുണയുടെ സ്വര്‍ഗവഴിയില്‍ 'ഇവനും' കൂടെ
