
കരുണയുടെ സ്വര്‍ഗവഴിയില്‍ 'ഇവനും' കൂടെ
Posted on: 02 Mar 2015
ബീനാ ഗോവിന്ദ്

പാലക്കാട്: സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ ബന്ധുക്കളൊക്കെ വീണപ്പോഴും തിരിഞ്ഞുനോക്കാത്ത യുധിഷ്ഠിരന്‍, ഒപ്പംകൂടിയ നായയെ ഉപേക്ഷിച്ചില്ല... ഇവിടെയിതാ പരമദരിദ്രനായ ഒരാള്‍ ഭ്രാന്തനെന്ന് സ്വയം പറയുന്നയാള്‍, നടുവൊടിഞ്ഞ തെരുവുനായക്ക് കൂട്ടിരിക്കുന്നു. മഴയും വെയിലും കൊള്ളാതെ അതിനെ സംരക്ഷിക്കുന്നു. താന്‍ ഉണ്ടില്ലെങ്കിലും ആ മിണ്ടാപ്രാണിക്ക് പാലും ചോറും വാങ്ങിക്കൊടുക്കുന്നു.പുതുശ്ശേരിക്കാരനാണ് 42 വയസ്സുള്ള രാജശേഖരന്‍. എട്ടുവര്‍ഷമായി തെരുവില്‍ കുപ്പ പെറുക്കിവിറ്റാണ് ജിവിക്കുന്നത്. ഭ്രാന്താണെന്നുകാട്ടി ബന്ധുക്കള്‍ കോടതിവിധിയിലൂടെ പുറത്താക്കിയെന്നാണ് ഇയാള്‍ പറയുന്നത്.
എച്ചില്‍ത്തിന്നുനടക്കുന്ന ഒരു സുന്ദരന്‍ തെരുവുനായ രാജശേഖരന്റെ പിന്നാലെക്കൂടിയിട്ട് അധികമായില്ല. വെളുത്തനിറവും മഷിയെഴുതിയപോലത്തെ കണ്ണുകളുമുള്ള അവനെയും രാജശേഖരന്‍ തന്റെ ദുരിതജീവിതത്തില്‍ ഒപ്പം കൂട്ടി. കുപ്പപെറുക്കി വിറ്റുകിട്ടുന്ന കാശിന് രണ്ടുപേര്‍ക്കുള്ള ഭക്ഷണവുംവാങ്ങിയെത്തുമ്പോള്‍ മൈതാനത്ത് നായ കാത്തിരിക്കയാവും.
പിന്നെ രണ്ടുപേരുംചേര്‍ന്ന് ആഹാരം പങ്കിട്ട് ഒരുമിച്ച് ഉറങ്ങും. നഗരത്തില്‍ പുത്തൂര്‍റോഡിലെ കൃഷ്ണകണാന്തി കോളനിയിലെ മൈതാനമാണ് ഇവരുടെ താവളം.
പെട്ടെന്നൊരുദിവസം സംഗതികള്‍ തകിടംമറിഞ്ഞു. രാജശേഖരനെക്കണ്ട സന്തോഷത്തില്‍ റോഡുമുറിച്ചുകടന്ന നായയെ ഒരു കാറിടിച്ചിട്ടു. അവന്റെ നട്ടെല്ലാണ് തകര്‍ന്നത്. ആരും തിരിഞ്ഞുനോക്കിയില്ല. അപകടത്തിനുശേഷം നായ എഴുന്നേറ്റിട്ടില്ല. ഇടയ്ക്ക് നിരങ്ങും. പായ്ക്കറ്റ് പാല്‍ വാങ്ങി പാത്രത്തില്‍ ഒഴിച്ചുകൊടുത്താല്‍ ഒറ്റവീര്‍പ്പിന് കുടിക്കും. രാജശേഖരന്‍ കഴിക്കുന്നതെന്തോ അതാണ് അവന്റെയും ആഹാരം.
അനങ്ങാന്‍വയ്യാതെ കിടക്കുന്ന നായയെ ആരെങ്കിലും ഉപദ്രവിച്ചെങ്കിലോ എന്ന ശങ്കകാരണം രാജശേഖരന്‍ ദൂരെയൊന്നും പോകില്ല. കഴിഞ്ഞദിവസം മഴപെയ്തപ്പോള്‍ അയാള്‍ക്ക് ഉത്കണ്ഠയായി. മൈതാനത്ത് എങ്ങനെയൊക്കെയോ ഒരു കമ്പുനാട്ടി, പഴന്തുണികള്‍ കെട്ടി, ഒരു മറയുണ്ടാക്കി. അതിലാണിപ്പോള്‍ കിടപ്പ്. 'അവനൊന്ന് നടന്നുകാണണം' രാജശേഖരന് ഇപ്പോള്‍ അതേയുള്ളൂ പ്രാര്‍ഥന.
