Crime News

അട്ടപ്പാടിയിലെ കൊലപാതകം; ദുരൂഹത ഏറുന്നു

Posted on: 25 Feb 2015


പാലക്കാട് : അട്ടപ്പാടി ചിണ്ടക്കിയില്‍ മീന്‍പിടിക്കാന്‍പോയ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഈമാസം 12ന് രാത്രിയാണ് ചിണ്ടക്കി കുമ്പളമലഭാഗത്ത് മീന്‍പിടിക്കാന്‍പോയ ബെന്നി വലതുകാല്‍ തുടയില്‍ വെടിയേറ്റ് രക്തംവാര്‍ന്ന് മരിച്ചത്. സംഭവത്തിനുപിന്നില്‍ മാവോയിസ്റ്റുകളാണെന്ന് പോലീസ് ആരോപിച്ചിരുന്നു.

ഇത് സ്ഥിരീകരിക്കാനായി തെളിവെടുപ്പും നടത്തിയിരുന്നു. അത്യന്താധുനിക തോക്കില്‍നിന്നാണ് വെടിയുതിര്‍ത്തതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞെങ്കിലും തോക്കിന്റെ തിര കണ്ടെത്താനായില്ല. കേസുമായി മുന്നോട്ടുപോകുമ്പോഴാണ് വെടിവെപ്പിന്റെ ഉത്തരവാദിത്വം നിഷേധിച്ച് മാവോയിസ്റ്റുകള്‍ രംഗത്തെത്തിയത്. ഇതോടെ പോലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ജനങ്ങളില്‍ ധാരണ പരന്നു.

വെടിവെപ്പിന് ഏകസാക്ഷി ബെന്നിക്കൊപ്പമുണ്ടായിരുന്ന ഷെല്ലിയാണ്. ഏറെ ചോദ്യംചെയ്യല്‍ നടത്തിയെങ്കിലും ഷെല്ലിയില്‍നിന്ന് കൂടുതല്‍വിവരം കിട്ടുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവംനടന്ന് രണ്ടാഴ്ചയോളമായെങ്കിലും വെടിയുണ്ട കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല.

അത്യന്താധുനിക തോക്കുകള്‍ മാവോയിസ്റ്റുകളുെട പക്കലുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗംപോലീസ് നല്‍കുന്ന വിവരം. അതേസമയം, ഇത്തരം അത്യന്താധുനിക യന്ത്രത്തോക്കുകള്‍ തണ്ടര്‍ബോള്‍ട്ടിന്റെ പക്കലുമുണ്ട്.

പോലീസാണെന്നുകരുതി മാവോവാദികള്‍ വെടിവെച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, മാവോവാദികളാണെന്ന തെറ്റിദ്ധാരണയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതാകാമെന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. തങ്ങളല്ല വെടിവെപ്പിന് പിന്നിലെന്ന് മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചതോടെ സംശയം കൂടുതല്‍ ശക്തമാവുകയാണ്.

 

 




MathrubhumiMatrimonial