goodnews head

ഒരു കിണര്‍ നന്നാക്കാനായി ഒത്തൊരുമിച്ച്, കൈ കോര്‍ത്ത്...

Posted on: 24 Feb 2015




പാലക്കാട്: മുന്നില്‍നിന്ന് നയിച്ച് രാമനാഥപുരത്തെ ഗിരിധര്‍. ഒത്തൊരുമിച്ച് ഒത്തുപിടിച്ച് കൈ കോര്‍ത്ത് ലോഡിങ് തൊഴിലാളികളും നാട്ടുകാരും അധ്യാപകരും കുട്ടികളും. എല്ലാം ഒരു സ്‌കൂളിലെ കിണര്‍ നന്നാക്കുന്നതിന് വേണ്ടിയാണ്; സ്‌നേഹത്തിന്റെ നീരുറവ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കുമായി പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണ്. കൊപ്പം ജി.എല്‍.പി.എസ്. കോമ്പൗണ്ടിനുള്ളിലെ കിണറാണ് രാമനാഥപുരത്തെ വേദാധ്യാപകനായ ഗിരിധറിന്റെ നേതൃത്വത്തില്‍ നന്നാക്കിയത്.

കഴിഞ്ഞ 30 വര്‍ഷത്തോളമായി കുപ്പികളും പ്ലാസ്റ്റിക്കും ചെളിയും മാലിന്യവും അടിഞ്ഞുകൂടി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു കിണര്‍. രണ്ടാഴ്ച മുമ്പാണ് ഗിരിധര്‍ ഒറ്റയ്ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ കിണര്‍ നന്നാക്കാന്‍ തുടങ്ങിയത്. അധ്യയനവും മറ്റ് ജോലികളും കഴിഞ്ഞ് തിരക്കൊഴിയുമ്പോള്‍ അദ്ദേഹം കിണറിലെ മാലിന്യം എടുത്തുകളഞ്ഞ് വൃത്തിയാക്കാന്‍ തുടങ്ങി. സ്‌കൂള്‍ പ്രധാനാധ്യാപിക എ.പി. മിനിയും കോമ്പൗണ്ടിനുള്ളിലുള്ള എ.ഇ.ഒ. ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സി. കൃഷ്ണനും സ്‌കൂളിലെ മറ്റ് അധ്യാപകരുമെല്ലാം പൂര്‍ണപിന്തുണയും നല്‍കി.

രാമനാഥപുരത്തെ പല കിണറുകളും കുളങ്ങളും നന്നാക്കുന്നതിന് ഗിരിധര്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. മെയ് മാസത്തോടെ കിണര്‍ വൃത്തിയാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കൊപ്പത്തെ ചുമട്ടുതൊഴിലാളികളും നാട്ടുകാരുമെല്ലാം തിങ്കളാഴ്ച ഗിരിധറിനൊപ്പം ചേര്‍ന്നതോടെ കിണറിലെ 30 വര്‍ഷത്തെ മാലിന്യം പുറത്തെത്തി. സ്‌കൂള്‍ അധികൃതര്‍ ഇതിനോടകം തന്നെ മോട്ടോറും മറ്റും വാങ്ങിയിരുന്നു. വെള്ളം മുഴുവന്‍ മോട്ടോറടിച്ച് പുറത്തുകളഞ്ഞ ശേഷമാണ് കിണര്‍ വൃത്തിയാക്കിയത്.

കഴിഞ്ഞ എട്ട് വര്‍ഷവും കിണര്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് നിവേദനം നല്‍കാറുണ്ടെന്നും എന്നാല്‍, ഇതേവരെ നടപടിയൊന്നുമുണ്ടായില്ലെന്നും സ്‌കൂള്‍ പ്രധാനാധ്യാപിക എ.പി. മിനി പറഞ്ഞു. മലമ്പുഴ വെള്ളമാണ് സ്‌കൂളില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. കിണര്‍ നന്നാക്കിയതോടെ സ്‌കൂളിലെ ആവശ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഇനി ഇത് ഉപയോഗിക്കാനാവും. ഒടുവില്‍ വെയില്‍ തിളച്ച് തുടങ്ങിയപ്പോഴേക്കും കൊപ്പം സ്‌കൂള്‍ സ്വന്തം ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ്.

 

 




MathrubhumiMatrimonial